കൊട്ടാരക്കര: ആശ്രയ സ്നേഹത്തണലിൽ നിന്നും ശിശുഭവനിൽ കുട്ടികൾ ഇനി പരീക്ഷ ചൂടിലേക്ക്. വിധി സമ്മാനിച്ച ഇല്ലായ്മകളുടെ ഒറ്റപ്പെടലിൽ നിന്നും ആശ്രയ കൈപിടിച്ചുയർത്തിയ 17 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി., പ്ലസ് ടു പരീക്ഷകൾ എഴുതാൻ പോകുന്നത്.
മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കൂടെപ്പിറപ്പുകളായ നിഷാന്ത്, ഐശ്വര്യ, മാതാപിതാക്കൾ മരണപ്പെട്ടുപോയ സഹോദരങ്ങളായ രാഹുൽ, രാകേഷ്, പിതാവ് ജയിലിലായതോടെ മാതാവ് ഉപേക്ഷിച്ചുപോയ ആമിന, മദ്യപാനിയായ പിതാവിന്റെ ശല്യം സഹിക്കാതെ മാതാവ് ആത്മഹത്യ ചെയ്യുകയും തുടർന്ന് സഹോദരങ്ങളോടൊപ്പം അനാഥമായ ഉമേഷ്, മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ ഷെബീന, മാതാപിതാക്കൾക്ക് ശാരീരിക അവശതകൾ നിമിത്തം സംരക്ഷിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് ആശ്രയ ഏറ്റെടുത്ത ജെസ്സി എന്നിവർ പ്ലസ് ടുവിനും, മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ ജിബി, ചിന്നു, സൂര്യ, ജിൻസി, സഞ്ജന എസ്., സംഗീത എസ്., ശ്രീലക്ഷ്മി ബി., നൗഫിയ കെ. എൽ., ബിന്ദു കെ. എന്നിവർ എസ്എസ്എൽസി പരീക്ഷയും എഴുതാൻ ഒരുങ്ങിക്കഴിഞ്ഞു.
കലയപുരം ആശ്രയ ശിശുഭവൻ, പത്തനംതിട്ട ജില്ലയിലെ പറന്തൽ ആശ്രയ ശിശുഭവൻ, കോന്നി ആശ്രയ ഭവൻ എന്നീ സ്ഥാപനങ്ങളിലായിട്ടാണ് കുട്ടികൾ കഴിഞ്ഞുവരുന്നത്. ഒന്നാം ക്ലാസ് മുതൽ മെഡിസിന് വരെ പഠിക്കുന്ന നൂറോളം കുട്ടികളാണ് ആശ്രയയുടെ തണലിൽ നിന്നും സുന്ദരമായൊരു ജീവിതത്തിനായുള്ള സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പടപൊരുതുന്നത്.