ഇരിട്ടി:കല്ലേരിമലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ മുഴക്കുന്ന് പോലീസ് സ്വമേധയാ കേസെടുക്കും. അപകടത്തില്‍ സിതാരയുടെ മരണത്തിന് ഉത്തരവാദികള്‍ പൊതുമരാമത്ത് അധികൃതര്‍ മാത്രമെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമായാല്‍ ബന്ധപെട്ടവര്ക്കെതിരെ കേസെടുക്കുമെന്ന് മുഴക്കുന്ന് എസ്ഐ പി. വിജേഷ് പറഞ്ഞു.
സംഭവത്തില്‍ അധികൃതരുടെ വീഴ്ചയെകുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്.മലയോരത്തെ റോഡരികില്‍ അപകടം വിതച്ചു നില്ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് പലതവണ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.കൂടാതെ പൊതുജനങ്ങള്‍ പരാതികള്‍ നല്കിയിട്ടു പോലും മരങ്ങള്‍ മുറിച്ച് നീക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിച്ചിട്ടില്ല.
കല്ലേരിമലയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പതിച്ച മരം അപകടാവസ്ഥയിലുള്ളതായിരുന്നു. മഴക്കാലം ആരംഭിക്കുമ്പോള്‍ മലയോരത്തെ നിരത്തുകളില്‍ മരവും മണ്‍തിട്ടയും വീണുള്ള അപകടങ്ങള്‍ നിത്യസംഭവമാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂള്‍ ബസിനു മുകളില്‍ മരം വീണ് കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാതയോരങ്ങളിലെ അപകടങ്ങള്‍ക്ക് ഇടയാക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ ഉത്തരവിട്ടിരുന്നു.
ആ സമയത്ത് മുറിച്ച് നീക്കാനുള്ള മരങ്ങള്‍ക്ക് നമ്പര്‍ ഇടുകയും ചില മരങ്ങള്‍ മുറിച്ച് നീക്കുകയും ചെയ്തിതിരുന്നു. പിന്നീട് ഇത് വരെ അധികൃതര്‍ ഇത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്ന മരങ്ങളോ മറ്റോ മുറിച്ച് നീക്കാനുള്ള നടപടികള്‍ എടുത്തിട്ടില്ല. ഇത്തവണ മഴ ആരംഭിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ നെടുംപൊയിലില്‍ മാത്രം റോഡിലേക്ക് മരം വീണുണ്ടായത് രണ്ടപകടങ്ങളാണ്.
പേരാവൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മരിച്ച കോളയാട് ആര്യപറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്-സെലീന ദമ്പതികളുടെ മകൾ സിതാര (20) യുടെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് ആര്യപ്പറന്പ് ഫാത്തിമമാതാ ദേവാലയത്തിൽ നടക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഇരിട്ടി-പേരാവൂർ റോഡിൽ എടത്തൊട്ടിക്കും കല്ലേരിമലയ്ക്കും ഇടയിലായിരുന്നു അപകടം.
സിതാരയ്ക്കൊപ്പമുണ്ടായിരുന്ന സിറിയക് (49), സെലീന (48), സെലീനയുടെ സഹോദരി പ്രസന്ന (46), ഡ്രൈവർ ആലച്ചേരി സ്വദേശി എടക്കോട്ടയിൽ വിനോദ് (43) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ വിനോദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇരിട്ടി ഭാഗത്തുനിന്ന് ആര്യപറമ്പിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് റോഡരികിലെ കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു. മരത്തിന്റെ കമ്പുകൾ തലയ്ക്കിടിച്ചാണ് സിതാര മരിച്ചത്. പേരാവൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കുവാനായി പോകവെ ഇതുവഴിയെത്തിയ സണ്ണി ജോസഫ് എംഎൽഎയുടെ സ്കോർപിയോ കാറിലാണ് പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
സിതാര വഴിമധ്യേമരിച്ചു. കണ്ണൂർ ഗവ. ഐടിഐയിൽ പഠനം പൂർത്തിയാക്കിയ സിതാര എറണാകുളത്ത് ഒരു സ്ഥാപനത്തിൽ പരിശീലനം നടത്തിവരികയായിരുന്നു.സിതാരയുടെ ഏകസഹോദരൻ സിജോ അഞ്ചു മാസം മുന്‍പ് ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു.