മലപ്പുറം: കാണാതായ ആതിരയെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം ശക്തമാക്കി. മലപ്പുറം ജില്ലയിലെ എടരിക്കോട് കുറുകപ്പറന്പിൽ നാരായണന്റെ മകൾ ആതിര (18) യെ കാണാതായിട്ടു ഇന്നത്തേക്കു 17ദിവസം.
കഴിഞ്ഞ 27നാണ് കോട്ടയ്ക്കലിലെ കംപ്യൂട്ടർ സെന്ററിലേക്കെന്നു പറഞ്ഞു ആതിര വീട്ടിൽ നിന്നു പോയതെന്നു വീട്ടുകാർ പറയുന്നു. തിരിച്ചെത്തേണ്ട സമയമായിട്ടും ആതിരയെ കാണാത്തതിനെത്തുടർന്നു വീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.
തുടർന്നു കോട്ടയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ ദിവസം ഉച്ചക്കു 1.15നു ഗുരുവായൂർ കഐസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ ആതിര തനിച്ചു നടന്നു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
അതുകഴിഞ്ഞു രാത്രി 7.30 മുതൽ 12വരെ തൃശൂർ റെയിൽവെ സ്റ്റേഷനിലെ വനിതകളുടെ വിശ്രമമുറിയിൽ ആതിരയെ കണ്ടവരുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു. പിന്നീട് വിവരമൊന്നുമില്ല. ദിവസങ്ങളായിട്ടും ആതിരയെ കാണാത്തതിനെത്തുടർന്നു രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിട്ടുണ്ട്.
പ്ലസ്ടു കഴിഞ്ഞശേഷം കോട്ടയ്ക്കലിലെ ഐടിപിസിയിൽ കംപ്യൂട്ടർ കോഴ്സിനു പഠിക്കുകയാണ് ആതിര. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ ബിരുദത്തിനു പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും കംപ്യൂട്ടർ സെന്ററിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങിവരാമെന്നും പറഞ്ഞാണ് സംഭവദിവസം വീട്ടിൽ നിന്നിറങ്ങിയത്.
ആതിരയുടെ കൈവശം മൈാബൈൽ ഫോണില്ലെന്നാണ് പറയുന്നത്. എന്നാൽ ചില ഫോണ് സന്ദേശങ്ങൾ വരുന്നതായും പോലീസ് സൂചന ലഭിച്ചിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്തിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നു കോട്ടയ്ക്കൽ എസ്ഐ റിയാസ് ചാക്കീരി പറഞ്ഞു.
ജില്ലാ പോലീസ് മോധാവിയുടെ നിർദേശത്തോടെ വിപുലമായ സക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തിവരികയാണിപ്പോൾ. ആതിരയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും എസ്ഐ പറഞ്ഞു. എല്ലാനിലയ്ക്കുമുള്ള അന്വേഷണമാണ് നടക്കുന്നത്.
ഇതിനിടെ ആതിരയുടെ പുസകത്തിനുള്ളിൽ നിന്നു അറബിയിലുള്ള പേപ്പറുകൾ ലഭിച്ചതായും രക്ഷിതാക്കൾ പറയുന്നു. ആതിരയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പിതാവ് കെ.പി. നാരായണൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പട്ടികജാതി വികസന മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.