ആറ്റിങ്ങൽ: മുദാക്കലിലും മുന്തിരിവള്ളികൾ തളിർത്തു. മുദാക്കൽ പരമേശ്വരം സ്വാതിയിൽ ആനന്ദന്റെ വീടിന്റെ മട്ടുപ്പാവിൽ ആണു നാട്ടുകാരിൽ കൗതുകമുണർത്തി മുന്തിരി കായ്ച്ച് നിൽക്കുന്നത്. വെഞ്ഞാറമൂട്ടിൽ നടന്ന ഒരു മേളയിൽ നിന്നാണു കൗതുകത്തിനായി മുന്തിരി തൈകൾ വാങ്ങി വീടിനോട് ചേർന്ന് നട്ടത്.
മുന്തിരി വള്ളി തളിർത്ത് വളർന്നതോടെ മട്ടുപ്പാവിലേക്ക് വളർത്തി പന്തലൊരുക്കുകയായിരുന്നു. മീൻ കഴുകിയ വെള്ളവും അടുക്കള വേസ്റ്റും മാത്രമാണു വളമായി നൽകിയിട്ടുള്ളത്. ശാഖകൾ വർഷത്തിൽ രണ്ട് തവണ വെട്ടി ഒതുക്കുന്നത് മാത്രമായിരുന്നു ആകെ നൽകിയ പരിചരണം ജൂൺ മാസത്തോടെ പൂവിട്ട് കായ്ക്കുകയായിരുന്നു. മട്ടുപ്പാവിൽ കായ്ച്ച് നിക്കുന്ന മുന്തിരിക്കുല കാണാൻ സന്ദർശകരുടെ തിരക്കാണ്.