15 വർഷം മുന്‍പാണ് ചിലിയിലെ ഒരു ഖനിയിൽനിന്ന് മമ്മിയായ ഒരു മനുഷ്യരൂപം അവിടത്തെ തൊഴിലാളികൾക്ക് ലഭിക്കുന്നത്. മനുഷ്യശരീരത്തോട് ഏറെ സാമ്യമുണ്ടായിരുന്ന ആ രൂപം സ്പെയിനിൽനിന്നെത്തിയ ഒരു സഞ്ചാരിക്ക് അവർ വിറ്റു. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലൂടെ അദ്ദേഹം ആ രൂപത്തെ ലോകത്തിനുമുന്പിൽ കാണിച്ചു.
ആറ്റ എന്ന് പേരിട്ട ആ രൂപം ഭൂമിയിൽ എത്തിയ ഏതോ അന്യഗ്രഹജീവിയുടേതാണെന്ന് അദ്ദേഹം വാദിച്ചു. വർഷങ്ങൾക്ക് ശേഷം അമേരിക്കയിലെ കലിഫോർണിയയിലുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞൻമാർ ആ രൂപത്തെ ക്കുറിച്ച് കൂടുതൽ പഠിച്ചു. ആ മമ്മിയിൽനിന്ന് ശേഖരിച്ച ഡിഎൻഎ സാന്പിളുകളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഉടമസ്ഥൻ കരുതിയതുപോലെ അത് അന്യഗ്രഹജീവിയുടെ മമ്മിയൊന്നുമായിരുന്നില്ല. ഗർഭസ്ഥാവസ്ഥയിൽത്തന്നെ മരിച്ചതോ അല്ലെങ്കിൽ ജനിച്ച ഉടനെ മരിച്ചതോ ആയ ഒരു പെണ്‍കുഞ്ഞിന്റെ ശരീരമായിരുന്നു അത്. അജ്ഞാതമായ ഏതോ പരിവർത്തനത്തിന്റെ പരിണിതഫലമാണ് ആറിഞ്ചു മാത്രം നീളമുള്ള ആ മമ്മിയെന്ന് ഗവേഷകർ പറയുന്നു.
2003ൽ ലാ നോറിയയിൽനിന്നാണ് ഈ കുഞ്ഞ് മമ്മി കണ്ടെത്തിയത്.വെള്ളത്തുണിയിൽ പൊതിഞ്ഞ് നീല നിറത്തിലുള്ള റിബണ്‍ കെട്ടിയ നിലയിലാണ് മമ്മി കാണപ്പെട്ടത്. ആറഞ്ചു മാത്രമെ നീളമുണ്ടായിന്നുള്ളുവെങ്കിലും ആറു വയസുള്ള കുട്ടികളുടെയത്ര ശക്തിയുള്ള എല്ലുകളായിരുന്നു ആ ശരീരത്തിൽ ഉണ്ടായിരുന്നത്.
സാധാരണ മനുഷ്യരിൽ 12 ജോടി വാരിയെല്ലുകൾ കാണപ്പെടുന്പോൾ ആറ്റയുടെ ശരീരത്തിൽ 10 ജോടി വാരിയെല്ലുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തലയോട്ടിയാകട്ടെ നീണ്ട് കോണ്‍ ആകൃതിയിലുമായിരുന്നു. ഇതെല്ലാം കണ്ടിട്ടാണ് ഇതൊരു അന്യഗ്രഹജീവിയുടെ മമ്മിയാണെന്ന് പലരും കരുതിയത്.