മറ്റത്തൂർ: ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജിൽ ഷട്ടറുകൾ സ്ഥാപിച്ചു. ഷട്ടറുകൾ ഉയർത്തുന്നതിനും താഴ്ത്തുന്നതിനുമായുള്ള സംവിധാനം പാലത്തിനു മുകളിൽ ഉറപ്പിക്കുന്ന പണികൾ അന്തിമ ഘട്ടത്തിലാണ് ഇപ്പോൾ. റഗുലേറ്ററുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പണികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ഇനി അപ്രോച്ച് റോഡുകളുടെ ടാറിംഗ് പണികളാണ് നടക്കാനുള്ളത്. ഇതുകൂടി പൂർത്തിയാക്കി ഈ വേനലിൽ തന്നെ ആറ്റപ്പിള്ളി പദ്ധതി നാടിനു സമർപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പണികൾ പുരോഗമിക്കുന്നത്.
ഏഴുമീറ്ററോളം ഉയരവും മൂന്നരമീറ്ററോളം വീതിയുമുള്ള എട്ട് ഷട്ടറുകളാണ് പാലത്തിലെ റഗുലേറ്ററിൽ ഘടിപ്പിച്ചിരിക്കുന്നത്. അപ്രോച്ച് റോഡുകളുടെ ടാറിംഗ് ജോലികളും പാലത്തിലെ മിനുക്കു പണികളും കൂടി പൂർത്തികരിച്ചാൽ ആറ്റപ്പിള്ളി പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനാകും.
പാലത്തിന്റെ ഇരുവശത്തുമായുള്ള അപ്രോച്ച് റോഡുകളിൽ നന്തിപുലം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിനായി ഇരുവശവും കോണ്ക്രീറ്റ് ഭിത്തി നിർമിച്ചിട്ടുണ്ട്. മറ്റത്തൂർഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ ഒരു വശത്തുമാത്രമാണ് കോണ്ക്രീറ്റ് ഭിത്തി നിർമിച്ചിട്ടുള്ളത്. മറുഭാഗത്തു കൂടി കോണ്ക്രീറ്റ് ഭിത്തി കെട്ടി മണ്ണിട്ടുയർത്തേണ്ടതുണ്ട്.
കൊടകര, മറ്റത്തൂർ, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ കാർഷിക വാണിജ്യ മേഖലകളുടെ പുരോഗതിക്ക് വഴിതുറക്കുന്നതാണ് കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജ് . നബാർഡിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി 2008ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
അഞ്ച് കോടി രൂപയായിരുന്നു ആദ്യഘട്ടത്തിൽ ഇതിന് അനുവദിച്ചത്. അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പണികൾ പകുതി ഘട്ടമെത്തിയപ്പോഴേക്കും സ്തംഭിച്ചു. പിന്നീട് രണ്ടാം ഘട്ടത്തിൽ ഏഴുകോടി രൂപയോളം സർക്കാർ അനുവദിച്ചു. 2016 ഒക്ടോബറിലാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്.
റഗുലേറ്ററിന്റെയും അപ്രോച്ച് റോഡിന്റെയും പണികൾ പൂർത്തീകരിച്ച് പാലം ഗതാഗതത്തിനു തുറക്കുന്നതോടെ കൊടകര,മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകൾക്ക് കാർഷിക ,വാണിജ്യ പുരോഗതി കൈവരും. ചിമ്മിനി ടൂറിസം പദ്ധതിയുടെ വികസനത്തിനും ആറ്റപ്പിള്ളി പാലം വഴി തുറക്കും.
പാലത്തിനോടുബന്ധിച്ചുള്ള റഗുലേറ്ററിൽ വെള്ളം സംഭരിക്കപ്പെടുന്നതോടെ വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുളിലെ ജലസേചനസൗകര്യം പതിന്മടങ്ങ് വർധിക്കുകയും കാർഷികോൽപ്പാദനം വർധിക്കുകയും ചെയ്യും. വേനലിൽ ഇറിഗേഷൻ വകുപ്പ് പുഴയിൽ നിർമിക്കുന്ന വാസുപുരം ചക്കാലക്കടവ്, തോട്ടുമുഖം എന്നിവിടങ്ങളിലെ താൽക്കാലിക മണ്ചിറകൾ ഒഴിവാക്കാനും സാധിക്കും.