സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി തിരുവനന്തപുരം നഗരവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല. നാളെ രാവിലെ 10.15-ന് പൊങ്കാലയ്ക്കായി പണ്ടാര അടുപ്പിൽ തീ കത്തിക്കും.
തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നന്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശം തയാറാക്കിയ പണ്ടാര അടുപ്പിലും തീ പകരും.
ഇവിടെ നിന്നു പകരുന്ന തീ ക്ഷേത്രത്തിന് കിലോമീറ്ററുകൾ ചുറ്റളവിൽ ഭക്തർ ഒരുക്കുന്ന അടുപ്പുകളിൽ ജ്വലിപ്പിക്കും. നാളെ ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം.