ചാലക്കുടി: അടിച്ചിലിയിൽ ഏഴുവയസുകാരിയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. അടിച്ചിലി പെരുമനപ്പറന്പിൽ നിധിന്റെ മകൾ ആവണിയുടെ മരണം കൊലപാതകമാണെന്നാണ് സംശയം ഉയർന്നിട്ടുള്ളത്.മകളുടെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി കാണിച്ച് കുട്ടിയുടെ പിതാവ് നിധിൻ കൊരട്ടി പോലീസിൽ പരാതി നൽകി.
ഭർത്താവ് പോലീസിൽ പരാതി നൽകിയതറിഞ്ഞ കുട്ടിയുടെ മാതാവ് ഷാനിമോൾ(29) വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ചേന്ദമംഗലത്തു സ്വന്തം വീട്ടിൽ വച്ച് വിഷം കഴിച്ച ഷാനിമോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ സെപ്റ്റംബർ 23നു വൈകീട്ട് 6.30നാണ് ആവണി വീടിന്റെ ഗോവണിപ്പടിയിൽനിന്നും വീണു എന്നു പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുവന്നത്. ഉടനേ മരണം സംഭവിക്കുകയും ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായി പറഞ്ഞിട്ടുള്ളത്. എന്നാൽ കുട്ടിയുടെ വാരിയെല്ലുകൾ പൊട്ടിയിരുന്നു. കൈകൾക്കും പരിക്കേറ്റിരുന്നു.കുട്ടി മർദനമേറ്റാണ് മരിച്ചതെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ഭർത്താവ് പോലീസിൽ പരാതി നൽകിയതറിഞ്ഞ് ഭാര്യ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത് സംഭവത്തിലെ ദുരൂഹത വർധിപ്പിച്ചിരിക്കയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.