പിറവം: അങ്കണവാടി ക്ലാസ് മുറിയിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസുകാരിയെ വഴക്കുപറയുകയും അടിവസ്ത്രം വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ ആയയെ പോലീസ് അറസ്റ്റുചെയ്തു. തുരുത്തിക്കര ആശാരിപുറത്ത് അമ്മിണി വാസു (52)വിനെയാണ് കുട്ടിയുടെ മാതാപിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മുളന്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്.
മുളന്തുരുത്തിക്കടുത്ത് കാരിക്കോട് ഗവ. സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ കഴിഞ്ഞ 24നാണ് സംഭവം നടന്നത്. ക്ലാസ് മുറിക്കുള്ളിൽ മൂത്രമൊഴിച്ചതിന് കുട്ടിയെ വഴക്കുപറയുകയും അടിവസ്ത്രം വലിച്ചുകീറുകയും ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
ഇന്നലെയാണ് കുട്ടിയുടെ മാതാപിതാക്കൾ മുളന്തുരുത്തി പോലീസിൽ പരാതി നൽകിയത്. കൊച്ചുകുട്ടികൾക്കെതിരേയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആയയെ സ്കൂളിൽ നിന്നു പുറത്താക്കണമെന്ന് ഉത്തരവിട്ടു. ജുവനൈൽ ജസ്റ്റീസ് ആക്ടിലെയും ഐപിസിയിലെയും വ്യവസ്ഥകൾ പ്രകാരം ആയക്കെതിരെ കേസെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.മോഹനദാസ് എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടറും സാമൂഹ്യനീതി ഓഫീസറും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ സാമൂഹ്യനീതി ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിക്കണമെന്നും കമ്മീഷൻ സാമൂഹ്യനീതി ഡയറക്ടർക്ക് നിർദ്ദേശം നൽകി. കുട്ടിയെ മർദനത്തിന് ഇരയാക്കിയ അങ്കണവാടിയിൽ വൃത്തിയുള്ള ശുചിമുറി പോലുമില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നിർദേശം. സ്കൂൾ വിട്ടു നൽകിയ ഒറ്റമുറിയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്.