ചേർത്തല: അഞ്ചുവർഷം പിന്നിട്ടിട്ടും വീട്ടമ്മയുടെ തിരോധാനത്തെക്കുറിച്ച് എത്തും പിടിയുമില്ലാതെ പോലീസ്. ചേർത്തല നഗരസഭ ഏഴാം വാർഡ് നെടുന്പ്രക്കാട് വെളിയിൽ അയിഷ (ഹയറുമ്മ-62) യെയാണ് അഞ്ചുവർഷമായി കാണാതായിരിക്കുന്നത്. ഇവരെ കാണാതായതുകാട്ടി മകനാണ് ചേർത്തല പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
പ്രാഥമിക അന്വേഷണങ്ങൾ നടന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായിരുന്നില്ല. അന്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നിന്നും വിരമിച്ച അയിഷ മകനോടൊപ്പം എറണാകുളത്തായിരുന്നു കഴിഞ്ഞിരുന്നത്. 2012ലാണ് നെടുന്പ്രക്കാട് സഹോദരന്റെ വീടിനുസമീപം താമസം തുടങ്ങിയത്.
ഇവിടെ സ്വന്തമായി ഭൂമിവാങ്ങുന്നതിനു കരാറുറപ്പിച്ചശേഷമാണ് ഇവർ താത്കാലികമായി താമസം തുടങ്ങിയത്. അതിനിടെ 2013 മേയിൽ അപ്രതീക്ഷിതമായി കാണാതാകുകയായിരുന്നു. ട്രഷറയിലേക്കെന്നു പറഞ്ഞാണ് ഇവർ ഇറങ്ങിയത്. ഇക്കാര്യം എറണാകുളത്തുള്ള മകൻ മജീദിനെയും ഫോണിൽ അറിയിച്ചിരുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം അയൽവാസികൾ കാണാതായ വിവരം അറിയിച്ചതിനെ തുടർന്നാണ് മക്കൾ ചേർത്തലയിലെത്തി പോലീസിന് പരാതി നൽകിയത്.
ആറുമാസങ്ങൾക്കു ശേഷം മൂവാറ്റുപുഴയാറിൽ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്നു സംശയം ഉയർന്നിരുന്നു. എന്നാൽ മക്കളെത്തിയെങ്കിലും ഇതു അയിഷയുടേതല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രണ്ടുമക്കളും മലപ്പുറത്തും എറണാകുളത്തുമാണ് താമസം.
അയൽവാസിയായ വീട്ടമ്മ വഴിയായിരുന്നു സ്ഥലം കരാറുറപ്പിച്ചത്. ഇവരുമായി അയിഷയ്ക്ക് സാന്പത്തിക ഇടപാടുകളുമുണ്ടായിരുന്നുവെന്നും പറയുന്നു. ഇവരുടെ ഇടപാടിലാണ് സ്ഥലത്തിന്റെ മറ്റുനടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കാണാതായ ശേഷമാണ് കരാറുറപ്പിച്ചിരുന്ന വസ്തു ആദ്യ ഉടമ തന്നെ വിൽപന നടത്തി നടപടികൾ പൂർത്തിയാക്കിയത്.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭൻ തിരോധാനത്തിന്റെ അലയൊലികൾ അടങ്ങും മുന്പേയാണ് വീണ്ടും ദുരൂഹമായ ഒരു തിരോധാനം കൂടി വെളിച്ചത്തുവന്നിരിക്കുന്നത്. അയൽവാസിയായ വീട്ടമ്മയ്ക്ക് ബിന്ദുപത്മനാഭൻ കേസിലെ പ്രതിയുമായി അടുത്തബന്ധമുണ്ടായിരുന്നതായും പറയുന്നുണ്ട്.
അതേസമയം അയിഷയുടെ തിരോധാനത്തിനു ബിന്ദു കേസുമായി ബന്ധമുണ്ടെന്ന ആക്ഷേപം പോലീസ് തള്ളി. പരാതി നേരത്തേ അന്വേഷിച്ചിരുന്നതാണെന്നും ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ചേർത്തല ഡിവൈഎസ്പി എ.ജി ലാൽ പറഞ്ഞു.