ഗാന്ധിനഗര്‍: പ്രസവശേഷം ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു. ട്യൂബ് വഴിയാണ് കുട്ടിക്ക് പാല് നല്കിക്കൊണ്ടിരിക്കുന്നത്.
ആദ്യ ദിവസങ്ങളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഓക്സിജന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ നാലിന് ചെങ്ങന്നൂര്‍ കോട്ട സ്വദേശിനിയാണ് വീട്ടില്‍ വച്ച് പ്രസവശേഷം നവ ജാതശുവിനെ ശുചി മുറിയിലെ ബക്കറ്റില്‍ ഇട്ടത്.
പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്പ്രവേശിപ്പിച്ചപ്പോള് ഡോക്ടർമാരോട് യുവതി പറഞ്ഞത് പ്രസവശേഷം കുഞ്ഞ് മരണപ്പെട്ടുവെന്നും അതിനാൽ കുഴിച്ചിട്ടെന്നുമായിരുന്നു.
എന്നാല്‍ കൂടെയുണ്ടായിരുന്ന മൂത്ത മകന് പറഞ്ഞത് ശുചിമുറിയിലെ ബക്കറ്റില്‍ ഉണ്ടെന്നായിരുന്നു. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരേയും വിവരം അറിയിച്ചു.
പോലീസില്‍ വിവരം ലഭിച്ച ഉടന്‍ എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധനയ്ക്കിടെ കുളിമുറിയില്‍ നിന്നു നവജാത ശിശുവിന്റെ കരച്ചില് കേട്ടു.
ഒരുനിമഷം പോലും പാഴാക്കാതെ എസ്ഐ അഭിലാഷ് ബക്കറ്റിലുള്ള കുഞ്ഞുമായി ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ബന്ധപ്പെട്ട മറ്റ് അധികൃതരുമായി കൂടിയാലോചിച്ച് നടപടിക്രമം പൂര്‍ത്തികരിച്ച ശേഷം നവജാത ശിശുവിനെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ ജീവന് തിരിച്ചു പിടിക്കുവാന്‍ ആശുപതി സൂപ്രണ്ട് ഡോ. കെ. പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഡോ. കെ. സൂര്യ, ഡോ. ബിനി ചാണ്ടി, ഡോ ഡാര്‍ലി സാറാമാമ്മന്, ഡോ. അരുണ്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ നടത്തി കൊണ്ടിരിക്കുന്നത്.
പത്തനംതിട്ട ഓമല്ലൂര്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രമായ തണലിലെ രണ്ടു വനിതകളാണ് നവജാത ശിശുവിനെ പരിചരിക്കുന്നത്.