ജസ്റ്റീസ് ഏബ്രഹാം മാത്യു
സംഭവം ഇങ്ങനെ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നതും കന്യാസ്ത്രീകൾ നടത്തുന്നതും വിവിധ മതങ്ങളിൽപ്പെട്ട ഏകദേശം 160 വനിതകൾ താമസിച്ചിരുന്നതുമായ വനിതാ ഹോസ്റ്റലിൽ അന്തേവാസിയായിരുന്ന 21 വയസുള്ള സിസ്റ്റർ അഭയയുടെ മൃതദേഹം 1992 മാർച്ച് 27നു പുലർച്ചെ അഞ്ചുമണിക്കുശേഷം ഹോസ്റ്റലിനോടു ചേർന്നുള്ള കിണറ്റിൽ കാണപ്പെട്ടു.
അന്നുമുതൽ 2020 ഡിസംബർ 23 വരെ അഭയ മരിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചു പൊതുസമൂഹം മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തി.
ആദ്യത്തെ വിഭാഗം മരണം ആത്മഹത്യയാണെന്നും രണ്ടാമത്തെ വിഭാഗം കൊലപാതകമാണെന്നും വിശ്വസിക്കുകയോ പറഞ്ഞുപരത്തുകയോ ചെയ്തു. ഇവർ തല്പരകക്ഷികളാണ്. എന്നാൽ, മൂന്നാമത്തെ വിഭാഗം അത് ഒരു അപകടമരണമെന്നു കണക്കാക്കി.
അന്വേഷണം വഴി
സംഭവസ്ഥലത്തു കാണപ്പെട്ട ചില വസ്തുതകൾ അത് ഒരു കൊലപാതകമാണെന്നു സംശയിക്കാൻ സിസ്റ്റർ അഭയ ഉൾപ്പെട്ട കന്യാസ്ത്രീസമൂഹത്തെ പ്രേരിപ്പിച്ചു എന്നു മനസിലാക്കാം. അതിൽ തെറ്റു പറയാനാവില്ല.
ആദ്യം കേരള പോലീസിന്റെ ലോക്കൽ വിഭാഗം കേസ് അന്വേഷണം നടത്തി. പിന്നീടു കേരള പോലീസിന്റെ കുറ്റാന്വേഷണ വിഭാഗവും തുടർന്നു സിബിഐയും അന്വേഷണം നടത്തി.
അത് ഒരു ആത്മഹത്യയാണെന്നു പോലീസ് കരുതി. പിന്നീട് അന്വേഷിച്ച സിബിഐ അതു കൊലപാതകമാണെന്നും എന്നാൽ, പ്രതികളെ തിരിച്ചറിയാനായില്ലെന്നും കോടതിയിൽ റിപ്പോർട്ട് നൽകി.
അവസാനം അന്വേഷണം നടത്തിയ സിബിഐയുടെ ടീം അത് ഒരു കൊലപാതകമാണെന്നും ഒന്നും രണ്ടും പ്രതികളായ വൈദികരും മൂന്നാം പ്രതിയായ കന്യാസ്ത്രീയും ചേർന്നാണ് കൊല നടത്തിയതെന്നും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കൊലപാതകത്തിനു കാരണമായി സിബിഐ പറഞ്ഞത് ഈ വൈദികരും കന്യാസ്ത്രീയും ഹോസ്റ്റലിന്റെ ഏറ്റവും താഴത്തെ നിലയിൽ (അടുക്കളയിൽ) അരുതാത്തതു ചെയ്യുന്നത് അഭയ കാണാൻ ഇടയായി എന്നാണ്.
അതു കാരണം പ്രതികൾ അഭയയെ കൈക്കോടാലികൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ച് കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കുന്നതിനും മറ്റുമായി മൃതദേഹം കിണറ്റിൽ ഇട്ടു എന്നാണു കേസ്.
വിചാരണയ്ക്കു മുന്പുതന്നെ
വിചാരണയ്ക്കു മുന്പുതന്നെ രണ്ടാം പ്രതിയായ വൈദികനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കേണ്ടിവന്നു; അദ്ദേഹത്തിനെതിരേ ഒരു തെളിവുമില്ലെന്നു ചൂണ്ടിക്കാണിച്ച്.
ഒന്നാം പ്രതിയായ വൈദികനും മൂന്നാംപ്രതിയായ കന്യാസ്ത്രീക്കുമെതിരേ പ്രധാനമായും ഇന്ത്യൻ ശിക്ഷാനിയമം 201-ഉം 302-ഉം വകുപ്പുപ്രകാരം കുറ്റം ചുമത്തി. 302-ാം വകുപ്പ് കൊലപാതകക്കുറ്റവും 201-ാം വകുപ്പ് തെളിവുനശിപ്പിക്കൽ കുറ്റവുമാണ്.
ഈ രണ്ടു കുറ്റങ്ങൾക്കും മറ്റൊരു കുറ്റത്തിനും പ്രതികളെ വിചാരണ നടത്തി കുറ്റം ചെയ്തുവെന്നു പ്രഖ്യാപിക്കുകയും തടവുശിക്ഷയും പിഴയും വിധിക്കുകയും ചെയ്തു. കൊലപാതകക്കുറ്റത്തിന്, പിഴയ്ക്കു പുറമേ ജീവപര്യന്തം (കഠിന)തടവാണ് ശിക്ഷ. ശിക്ഷ അനുഭവിക്കാനായി പ്രതികളെ ക്രിസ്മസ് ദിനത്തിന്റെ തലേദിവസം തടങ്കലിൽ വിട്ടു.
വിധിയെ വിമർശിച്ചവർ
ഈ വിധിയെ പൊതുസമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നാണു സമൂഹ മാധ്യമങ്ങൾ പറഞ്ഞത്. ചുരുക്കം ചിലർ – കൂടുതലും അക്രൈസ്തവർ എന്നു തോന്നുന്നു – വിധിയെ വിമർശിച്ചു. അവരിൽ ഒരാൾ ഫോറൻസിക് ശാസ്ത്രത്തിൽ വിദഗ്ധനായ ഡോ. കൃഷ്ണൻ ബാലചന്ദ്രനും മറ്റൊരാൾ ക്രിസ്തീയ സഭകളെ നിശിതമായി വിമർശിക്കുന്ന ജയപ്രകാശ് ഭാസ്കരനുമാണ്.
(ഫോറൻസിക് സയൻസ് എന്നു പറഞ്ഞാൽ നിയമത്തിൽ ശാസ്ത്രത്തിന്റെ പങ്ക് നിർവഹിക്കുന്ന ശാഖയാണ്.) ഏതായാലും ഒരു കാര്യം തീർച്ചയാണ്. വിധിയെ അനുകൂലിച്ച ഒരാൾപോലും വിധിക്കാധാരമായ സാക്ഷികളുടെ വിചാരണക്കോടതിയിലെ മൊഴിയോ സിബിഐ കോടതിയിൽ സമർപ്പിച്ചതും കോടതി തെളിവിന്റെ ഭാഗമായി സ്വീകരിച്ചതുമായ രേഖകളോ കണ്ടിരുന്നില്ല.
പ്രതി കുറ്റവാളിയാണെന്നോ അല്ലെന്നോ പ്രഖ്യാപിക്കുന്ന വിധിയിലെ അവസാനഭാഗമാണ് ഉത്തരവ്. ഈ ഉത്തരവിന് അടിസ്ഥാനമായ കണ്ടെത്തലുകളുടെ കാരണങ്ങൾ (ന്യായങ്ങൾ) വിധിയിൽതന്നെ ഉണ്ടായിരിക്കണം. ന്യായങ്ങൾ എന്നു പറയുന്നത് സാക്ഷിമൊഴിയുടെയും രേഖകളുടെയും വിശകലനമാണ്. വിശകലനത്തിന്റെ പിൻബലമില്ലാത്ത കണ്ടെത്തൽ അസാധ്യമാണ്. ആ വിശകലനമാണു വിധിയുടെ ആത്മാവ്.
വിധി മാത്രമല്ല, മൊഴിയും പ്രധാനം
ഒരു വിധി ശരിയാണോ അല്ലയോ എന്നു പറയണമെങ്കിൽ വിധിക്കാധാരമായ കണ്ടെത്തലുകൾക്കു പിൻബലം കൊടുക്കുന്ന ന്യായങ്ങൾ വിധികർത്താവു പറഞ്ഞതു ശരിയാണോ എന്നറിയണം. അതു സാക്ഷികളുടെ മൊഴിയിൽനിന്നും രേഖകളിൽനിന്നും അറിയാം.
ഏകപക്ഷീയമായ ഒരു വിധി വായിച്ചാൽ വിധിയുടെ ഗുണവും ദോഷവും പറയാൻ സാധിക്കണമെന്നില്ല. അപ്പോൾ അവ അറിയാതെ എങ്ങനെ വിധിയെ വിശകലനം ചെയ്യും? സമൂഹമാധ്യമങ്ങളിൽ വന്നിട്ടുള്ള പ്രതികരണം വിധി മാത്രം (ഭാഗികമായി) വായിച്ചിട്ടായുള്ളതിനാൽ അത് അഭിപ്രായം മാത്രമാണ്. അടിസ്ഥാനമില്ലാത്ത അഭിപ്രായം.
വിധിയിലെ ഉത്തരവിന്റെ അടിസ്ഥാനം വിധിയിലെ ന്യായങ്ങളാണെങ്കിൽ അതിനുമുന്പുള്ള വിചാരണയുടെ അടിസ്ഥാനം കോടതി (പോലീസല്ല) എഴുതി ഉണ്ടാക്കുന്ന കുറ്റപത്രമാണ്. ഇതു പ്രതികളെ വായിച്ചുകേൾപ്പിച്ച് അവരോട് അതിൽപ്പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിക്കണം.
കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള അവരുടെ മറുപടി കോടതി രേഖപ്പെടുത്തണം. ആ കുറ്റപത്രത്തിൽ പറയുന്ന കുറ്റങ്ങൾക്കു മാത്രമേ പ്രതികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യാൻ പാടുള്ളു. പ്രതികളെ ഏതു കുറ്റത്തിനു വിചാരണ ചെയ്യുന്നു എന്നതിന് അവർക്കുള്ള അറിയിപ്പാണിത്.
വായിച്ചുകേൾപ്പിച്ച കുറ്റപത്രത്തിന്റെ ഉള്ളടക്കം വിധിയുടെ ആദ്യഭാഗത്ത് എഴുതണം. എങ്കിൽ മാത്രമേ, വിധി വായിക്കുന്ന ഒരാൾക്കു പ്രതികളെ വിചാരണ ചെയ്യുമെന്ന് കോടതി പറഞ്ഞ കുറ്റങ്ങൾക്കാണോ വിചാരണ ചെയ്തതെന്നും കുറ്റക്കാരനാെന്നു കണ്ടാണോ ശിക്ഷ വിധിച്ചതെന്നും മനസിലാകുകയുള്ളൂ.
കുറ്റപത്രത്തിന്റെ ഉള്ളടക്കം എവിടെ?
എന്നാൽ, അഭയ കേസിലെ വിധിയിൽ കുറ്റപത്രത്തിന്റെ ഉള്ളടക്കം പറഞ്ഞിട്ടില്ല. ഇതു വളരെ പ്രാധാന്യമർഹിക്കുന്നു. അഭയ കേസിൽ വിധിയെഴുതിയ ന്യായാധിപൻതന്നെയാണ് കുറ്റപത്രം എഴുതി വായിച്ചത്. ഇതിൽ പറയുന്ന മൂന്നു കുറ്റങ്ങളിൽ ആദ്യത്തേത് പ്രാധാന്യമർഹിക്കുന്നില്ല.
രണ്ടാമത്തേതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. അത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പിൽ പറയുന്ന കുറ്റമായ കൊലപാതകമാണ് (കൊലപാതകം എന്നു കുറ്റപത്രത്തിൽ പറയേണ്ടതാണെങ്കിലും പറഞ്ഞിട്ടില്ല).
അത് ഇപ്രകാരമാണ്: സിസ്റ്റർ അഭയയെ കൊല്ലണമെന്ന പൊതു ഉദ്ദേശ്യത്തോടുകൂടി പ്രതികൾ 27-3-1992ൽ പുലർച്ചെ 4.15-നും അഞ്ചിനുമിടയ്ക്ക് അഭയയുടെ തലയിൽ കൈക്കോടാലിപോലുള്ള ഒരായുധംകൊണ്ട് അടിച്ചു പരിക്കേൽപിച്ച് ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പനുസരിച്ചുള്ള കുറ്റം ചെയ്തു.
പ്രതികൾ കൊലപ്പെടുത്തി എന്നു പറഞ്ഞിട്ടില്ലിതിൽ; തലയ്ക്കടിച്ചു പരിക്കേൽപിച്ചു എന്നു മാത്രമാണു പറഞ്ഞിട്ടുള്ളത്. അത് 302-ാം വകുപ്പനുസരിച്ച് എങ്ങനെ കുറ്റമാകും? അപ്പോൾ കൊലപാതകക്കുറ്റം പ്രതികളുടെ പേരിൽ കോടതി ചുമത്തിയിട്ടില്ല. അതായതു കുറ്റാരോപണം ഇല്ലാതെയാണ് അവരെ ഈ കുറ്റത്തിനു വിചാരണ ചെയ്തത്.
തെളിയിക്കാൻ ശ്രമിച്ചത്
പ്രതികൾ ഉണ്ടാക്കുന്ന പരിക്ക് സിസ്റ്റർ അഭയയുടെ മരണത്തിനു കാരണമാകും എന്ന അറിവോടുകൂടി തെളിവു നശിപ്പിക്കുന്നതിനും ആത്മഹത്യയാണെന്നു വരുത്തിത്തീർക്കുന്നതിനുംവേണ്ടി പ്രതികൾ അഭയയുടെ മൃതദേഹം കിണറ്റിൽ ഇട്ട് ഇന്ത്യൻ ശിക്ഷാനിയമം 201-ാം വകുപ്പിൽ പറയുന്ന കുറ്റം ചെയ്തു എന്നാണു മൂന്നാമത്തെ കുറ്റമായി കുറ്റപത്രത്തിൽ പറയുന്നത്.
ഈ കുറ്റാരോപണപ്രകാരം അഭയ മരിച്ചതിനുശേഷം മൃതദേഹമാണ് പ്രതികൾ കിണറ്റിൽ ഇട്ടത്. എന്നാൽ, സിബിഐ കോടതിയിൽ തെളിയിക്കാൻ ശ്രമിച്ചത് അഭയയ്ക്കു തലയ്ക്കു പരിക്കു പറ്റിയപ്പോൾ ബോധക്ഷയം ഉണ്ടായെന്നും അഭയയുടെ മരണം ഉറപ്പാക്കുന്നതിനായി ജീവനോടെ കിണറ്റിൽ ഇട്ടു എന്നും തലയിലെ രക്തസ്രാവം മൂലവും വെള്ളം കുടിച്ചതുമൂലവും അഭയ മരണപ്പെട്ടു എന്നുമാണ്. കോടതി ഇത് അംഗീകരിച്ചു!
കാരണം പറയേണ്ടേ?
വിചാരണക്കോടതി കണ്ടെത്തേണ്ട കാര്യങ്ങൾ വിധിയിൽ ചോദ്യരൂപത്തിൽ എഴുതണം. ഓരോ ചോദ്യവുമായി ബന്ധപ്പെട്ട തെളിവ് വിശകലനം ചെയ്തിട്ട് അതിന്റെ ഉത്തരമായിട്ടാണു കോടതി അതിന്റെ കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നത്. കേസിലെ ആദ്യത്തെ പ്രധാനപ്പെട്ട ചോദ്യം, അഭയയുടേത് കൊലപാതകമാണോ എന്നാണ്.
ഇതിന്റെ ഉത്തരം അതേ എന്നാണെങ്കിൽ മാത്രമേ അടുത്ത ചോദ്യത്തിന് – അതായത് പ്രതികളാണോ കൊലചെയ്തത് – എന്നുള്ള ചോദ്യത്തിനു പ്രസക്തിയുള്ളൂ.കോടതി വിധിയിൽ ചേർത്തിട്ടുള്ള ഒന്നാമത്തെ ചോദ്യത്തിൽ ആറ് ഉപചോദ്യങ്ങളുണ്ട്.
ഇതിൽ ആറാമത്തെ ഉപചോദ്യം വികലമായിട്ടാണു രൂപപ്പെടുത്തിയിട്ടുള്ളതെങ്കിലും അഭയയുടെ മരണം കൊലപാതകം ആണോ എന്നതും ഉൾപ്പെടുന്നു. ആ ചോദ്യത്തിന്റെ ഉത്തരം ഒറ്റ വാക്യത്തിൽ വിധിയിൽ പറഞ്ഞിരിക്കുന്നതു കാണാം.
ഒന്നാം ചോദ്യത്തിന്റെ ഒന്നുമുതൽ അഞ്ചുവരെയുള്ള ഉപചോദ്യങ്ങൾക്കുള്ള ഉത്തരത്തിന്റെ വെളിച്ചത്തിൽ ഈ ഉപചോദ്യം (അതായത് ആറാം ഉപചോദ്യം) പ്രോസിക്യൂഷന് അനുകൂലമായിരുന്നു. അപ്പോൾ ഒന്നുമുതൽ അഞ്ചുവരെയുള്ള ഉപചോദ്യങ്ങളിൽ ഇതിനുള്ള ഉത്തരമില്ലെങ്കിൽ ഇതിന്റെ കണ്ടെത്തലിനായി ഒരു കാരണവും വിധിയിൽ പറഞ്ഞിട്ടില്ലെന്നു സാരം.
വ്യക്തമല്ലാത്ത ഉത്തരങ്ങൾ
അതൊന്നു പരിശോധിക്കാം. ഒന്നുമുതൽ അഞ്ചുവരെയുള്ള ഉപചോദ്യങ്ങൾ എന്താണ്? അവയിൽ ഒന്നുപോലും കൊലപാതകവുമായി ബന്ധപ്പെട്ടതല്ല. അഭയയ്ക്ക് എന്തു പരിക്കുകൾ പറ്റിയിരുന്നുവെന്നും അവയുടെ സ്വഭാവം എന്തായിരുന്നുവെന്നും അവ മരണത്തിനു കാരണമായോ
എന്നും അഭയയുടെ മാനസികനില എന്തായിരുന്നുവെന്നും പരിക്കുകൾ മരിക്കുന്നതിനു മുന്പോ ശേഷമോ ആണോ സംഭവിച്ചതെന്നുമാണ്. ഈ ഒരു ചോദ്യത്തിന്റെയും ഉത്തരം അഭയയുടെ മരണം കൊലപാതകമാണോ എന്നതിനുള്ള ഉത്തരമല്ല; അതിനുള്ള ഉത്തരത്തിലേക്കു നയിക്കുന്നുമില്ല.
അതിനർഥം അഭയയുടെ മരണം കൊലപാതകമായിരുന്നു എന്ന കണ്ടെത്തലിന് വിധിയിൽ ഒരു കാരണവും കാണിച്ചിട്ടില്ല എന്നുതന്നെ. അതുകൊണ്ട് ഈ കണ്ടെത്തൽ അസാധ്യമായിത്തീരുന്നു.
(തുടരും)