തെന്നിന്ത്യൻ സിനിമയിലെ ചോക്ലേറ്റ് താരമായിരുന്നു അബ്ബാസ്. ഒരുകാലത്തു യുവതികളുടെ സ്വപ്ന കാമുകനായിരുന്നു താരം. നായകനായി സിനിമ കുറവായിരുന്നെങ്കിലും നിരവധി വിജയചിത്രങ്ങളുടെ ഭാഗമായിരുന്നു അബ്ബാസ്.
മലയാളിപ്രേക്ഷകർക്കും അബ്ബാസ് പ്രിയങ്കരനാണ്. കണ്ണെഴുതി പൊട്ടുതൊട്ട് എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ചലച്ചിത്രാസ്വാദകർ മറക്കില്ല.
വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്പോഴാണ് അബ്ബാസ് അപ്രത്യക്ഷനാകുന്നത്. 2015ലാണ് അബ്ബാസ് അഭിനയം അവസാനിപ്പിച്ചു മറ്റൊരു രാജ്യത്തേക്കു താമസം മാറ്റുന്നത്.
ഭാര്യയോടൊപ്പം ന്യൂസിലൻഡിലാണ് അബ്ബാസ് ഇപ്പോൾ താമസിക്കുന്നത്. വെള്ളിത്തിരയിലേക്കു താരം മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകർ. എന്നാൽ താരത്തിന്റെ മടങ്ങിവരവിനെക്കുറിച്ചു വാർത്തകളൊന്നുമില്ല. ഇത്തരം ചോദ്യങ്ങളോടു താരം പ്രതികരിക്കാറുമില്ല.
ന്യൂസിലൻഡിൽ അബ്ബാസ് തന്റെ സ്വകാര്യജീവിതം ആസ്വദിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും അതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
ഇടയ്ക്കിടെ മോട്ടിവേഷണൽ വീഡിയോയുമായി എത്താറുണ്ട്. ജീവിതത്തിൽ താൻ അനുഭവിക്കുന്ന സമ്മർദങ്ങളെക്കുറിച്ചും പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ കാലിന് സർജറി ചെയ്തപ്പോൾ മരുന്നുകളുടെ ഉപയോഗംമൂലം അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. ആത്മഹത്യാചിന്തകൾവരെ തനിക്കുണ്ടായെന്ന് അബ്ബാസ് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ ലഭിക്കാത്ത സ്വാതന്ത്ര്യം തനിക്ക് ന്യൂസിലൻഡിൽ ലഭിക്കുന്നുണ്ടെന്നാണ് അബ്ബാസ് പറഞ്ഞത്. പെട്രോൾ പമ്പിലും മോട്ടോർ സൈക്കിൾ മെക്കാനിക്കായും കൺസ്ട്രക്ഷൻ ഫീൽഡിലുമെല്ലാം ജോലി ചെയ്തിട്ടുണ്ടെന്നു താരം പറയുന്നു.
നടനായതുകൊണ്ട് ഇന്ത്യയിൽ ഇതൊന്നും സാധിക്കുകയില്ല. ഇന്ത്യയിൽ മറ്റുള്ളവർ എന്തുചെയ്യുന്നുവെന്നാണ് ജനങ്ങളുടെ ആവലാതി. അതെല്ലാം ഉപേക്ഷിച്ചു ലളിത ജീവിതം നയിക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നും അബ്ബാസ് പറയുന്നു. ന്യൂസിലൻഡിൽ ബൈക്ക് മെക്കാനിക്കായി അബ്ബാസ് ജോലി ചെയ്യുന്നുവെന്നാണ് വിവരം.