മുക്കം: വയനാട് മണ്ഡലത്തിൽ നെഹ്റു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി ലോക്സഭയിലേക്ക് മത്സരിക്കാൻ എത്തുന്നതോടെ ഒരു പക്ഷെ ഏറ്റവുമധികം സന്തോഷിക്കുന്നത് എൻ.കെ. അബ്ദുറഹിമാൻ എന്ന കോൺഗ്രസുകാരനായിരിക്കും.
കാരണം മറ്റൊന്നുമല്ല, ജില്ലയിലെ ഏത് നേതാക്കളേക്കാളുമുപരി നെഹ്റു കുടുംബവുമായി ബന്ധം സ്ഥാപിക്കാനും അവർ കോഴിക്കോട് എത്തിയപ്പോഴെല്ലാം സ്വീകരിക്കുവാനും ഭാഗ്യം ലഭിച്ചത് അബ്ദുറഹിമാനാണ്. ഇന്ദിരാഗാന്ധി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെയെല്ലാം സ്വീകരിക്കാൻ മുൻ കെപിസിസി സെക്രട്ടറിയും മികച്ച സഹകാരിയും കാരശ്ശേരി ബാങ്ക് പ്രസിഡന്റുമായ എൻകെയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
1978-ൽ കോൺപാർട്ടി പിളർന്ന സമയം ആന്റണിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. പാർട്ടിയിലെ പല പ്രമുഖ നേതാക്കളും ആന്റണിക്കൊപ്പം. മറുഭാഗത്ത് ഇന്ദിരാഗാന്ധിക്കൊപ്പം കെ.കരുണാകരനും എൻ.കെ. അബ്ദുറഹിമാനും ഉൾപ്പെടെയുള്ള ചുരുക്കം ചിലർ.
ഏപ്രിൽ 23ന് ഇന്ദിരാ അനുകൂലികളുടെ കോഴിക്കോട് മേഖല റാലി. റാലിയിൽ പങ്കെടുക്കുന്നതിനായി ഇന്ദിര ഗാന്ധി തന്നെ വന്നു.അന്ന് മാനാഞ്ചിറയിൽ നടന്ന റാലിയുടെ സംഘാടക സമിതി കൺവീനറായിരുന്നു അബ്ദുറഹിമാൻ . ഇന്ദിര ഗാന്ധി യെ സ്വീകരിക്കുവാൻ ലഭിച്ചത് രാഷ്ട്രീയ ജീവിതത്തിലെ വലിയ ഭാഗ്യമായി എൻകെ ഇന്നും കാണുന്നു. 1987-ൽ രാജീവ് ഗാന്ധി ഒാമശേരി അന്പലക്കണ്ടിയിൽ എത്തിയപ്പോഴും സ്വാകരിച്ചത് അബ്ദുറഹിമാനായിരുന്നു.
1998 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റായിരുന്ന പി.ശങ്കരനാണ് സ്ഥാനാർഥി. അന്ന് കെപിസിസി പ്രസിഡന്റ് ഡിസിസിയുടെ ചുമതല എൽപ്പിച്ചത് എൻ.കെ. അബ്ദുറഹിമാനായിരുന്നു. 1998 ഫെബ്രുവരി 23 -ന് സോണിയയും രാഹുലും കോഴിക്കോട്ട് എത്തി. കേരളത്തിൽ രാഹുലിന്റെ ആദ്യ പ്രചാരണ യോഗമായിരുന്നു അത് .
എൻകെയും , ഡോ.എം.കെ. മുനീർ, എം.ടി. പത്മ എന്നിവർ ചേർന്ന് വെസ്റ്റ്ഹിൽ ഹെലിപാഡിൽ ഇവരെ സ്വീകരിച്ചു. കോഴിക്കോടിന്റെ സ്നേഹാദരമായി എൻ.കെ. അബ്ദുറഹിമാൻ രാഹുലിന് സാമൂതിരി രാജാവിന്റെ മോഡൽ തൊപ്പിയണിയിച്ചാണ് അന്ന് സ്വീകരിച്ചത്. ഇങ്ങനെയൊക്കെയാണങ്കിലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇതുവരെ എൻ.കെയെന്ന പോരാളിക്ക് അവസരം ലഭിച്ചിട്ടില്ല. കപ്പിനും ചുണ്ടിനുമിടയിൽ അവസരം നഷ്ടപ്പെട്ടത് നിരവധി തവണയാണ്.
1987 ൽ സിറിയക് ജോൺ കോൺഗ്രസ് വിട്ടു പോയ സമയം . നിയോജക മണ്ഡലം കോൺഗ്രസും ഡിസിസി യും, കെപിസിസി യും ശുപാർശ ചെയ്തത് എൻ.കെ.അബ്ദുറഹിമാന്റെ പേരു മാത്രം. എൻ.കെ. തുണി ബോർഡുകൾ എഴുതിച്ചു. കളർ പോസ്റ്റർ അടിക്കുന്നതിനായി ശിവകാശിയിൽ ഏൽപിച്ചു.
എന്നാൽ ഏവരും കാത്തിരുന്ന പ്രഖ്യാപനം വരുന്നതിന്റെ തലേന്നാൾ ലീഡർ കെ. കരുണാകരൻ പി.പി.ജോർജിനെ തിരുവമ്പാടിയിൽ മത്സരിക്കാനായി അയച്ചു. പിന്നെ അദ്ദേഹത്തിനെ വിജയപ്പിക്കുന്ന ചുമതലയായിരുന്നു എൻകെയ്ക്ക്. ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റി. പി.പി.ജോർജിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു.
തുടർന്ന് കെ.മുരളീധരൻ ലോക്സഭാ സ്ഥാനാർഥിയായതോടെ തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗിന് നൽകി. ഇതോടെ മത്സരിക്കുവാനുള്ള അവസരവും അടഞ്ഞു. പക്ഷെ യാതൊരു പരാതിയോ പരിഭവമോ വിഷമമോ ഇല്ലാതെ ഇപ്പോഴും പാർട്ടിക്കായി പ്രവർത്തിക്കുന്നു.
എൻ.കെ യുടെ ഭാഷയിൽ പറഞ്ഞാൽ എത്രയോ പേർ തൂക്കുമരംകയറി വാങ്ങി നേടിത്തന്ന സ്വാതന്ത്ര്യം നിലനിർത്തുവാൻ ഇന്നും മുന്നണിയിൽ നിന്ന് കോൺഗ്രസിനായി പ്രവർത്തിക്കുന്നു. കഴിഞ്ഞ 54 വർഷം മറെറാരു ജോലിക്കും പോകാതെ പൊതുപ്രവർത്തനം അനസൂതം തുടരുന്നു.
1975 ൽ ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.1977ൽ തിരഞ്ഞെടുപ്പിൽ ഇന്ദിരയും രാജീവും അടക്കം തോറ്റു. മൊറാർജി പ്രധാനമന്ത്രിയായി. സർക്കാർ ഷാ കമ്മീഷൻ രൂപീകരിച്ചു. ഷാ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ദിരയെ അറസ്റ്റ് ചെയ്തു.
ഇന്ദിരയെ മോചിപ്പിക്കുന്നത് വരെ എഐസിസി ഭാരത ബന്ദ് പ്രഖ്യാപിച്ചു. അന്ന് എൻകെ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്. മുക്കത്ത്ബന്ദ് ദിനം ടെലിഫോൺ എക്സ്ചേഞ്ച് അടപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി . ഒരുപോലീസുകാരന് പരിക്കേറ്റു.
അന്ന് രാത്രി പിറ്റേ ദിവസത്തെ ബന്ദ് വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയോഗം നടക്കുമ്പോൾ 11 -ന് വീടുവളഞ്ഞ് എൻകെയടക്കം ഒമ്പതുപേരെ പോലീസുപിടിച്ചു. തുടർന്ന് രാത്രിയിൽ ക്രൂര മർദനം. പിറ്റെ ദിവസം കോടതിയിൽ ഹാജരാകുന്നത് വരെ മർദനം തുടർന്നു. അന്നത്തെ മർദനത്തെ തുടർന്ന് ഇന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട് വരുന്നു.
1965 ൽ മുക്കം മുസ്ലിം ഓർഫനേജ് ഹൈസ്കൂളിൽ കെഎസ്യു യൂണിറ്റ് സ്ഥാപിച്ചാണ് എൻ.കെ. രാഷ്ടീയ ജീവിതം ആരംഭിച്ചത്. 1968ൽ സ്കൂൾ ലീഡറായി.1972 ൽ കെഎസ്യു കോഴിക്കോട് താലൂക്ക് സെക്രട്ടരി, 1975 ൽ ജില്ലാ സെക്രട്ടറി,1977 ൽ കാരശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി, 1978-ൽ തിരുവമ്പാടി നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് 1980 മുതൽ 22 വർഷം തുടർച്ചയായി ഡിസിസി ജനറൽ സെക്രട്ടറി പിന്നീട് വർഷം കെപിസിസി സെക്രട്ടറിയും ആയി.
ഇപ്പോൾ കെപിസിസി മെമ്പർ കൂടെ വന്നവർക്കം പിന്നീടു വന്നവർക്കും എല്ലാം നല്ല അവസരം ലഭിച്ചപ്പോൾ പാർട്ടി വിട്ടു പോവാതെ സന്തോഷത്തോടെ കൂടെ നിന്നു എന്നത് തന്നെയാണ് എൻ.കെയെ ഇന്നും ജനങ്ങൾ ഇഷ്ടപ്പെടാൻ കാരണം. ഇത്തവണ വയനാട്ടിൽ സ്ഥാനാര്ഥിയാക്കണമെന്ന് പ്രവർത്തകർ ആഗ്രഹിച്ചു.
രാഹുൽ ഗാന്ധി വന്നതോടുകൂടി ചിത്രം മാറി. എല്ലാവർക്കും സന്തോഷമായി. ഇന്ത്യ ഇതുവരെ കണ്ടില്ലാത്ത അത്രയും വലിയ ഭൂരിപക്ഷത്തിന് രാഹുൽ വയനാട്ടിൽ വിജയിച്ചു വരുമെന്ന് എൻ.കെ. അബ്ദുറഹിമാൻ ഉറപ്പിച്ച് പറയുന്നു.