വടക്കഞ്ചേരി: സൈക്കിൾ റിപ്പയറിംഗിൽ റെക്കോർഡ് പിന്നിട്ട് വടക്കഞ്ചേരി ടൗണിലെ അബ്ദുൾ ലത്തീഫ്. 85 വയസുള്ള വിദഗ്ധനായ ഈ സൈക്കിൾ മെക്കാനിക്ക് തന്റെ തൊഴിലിൽ 73 വർഷം പിന്നിടുകയാണ്. ഒരേതൊഴിലിൽ ഇത്രയുംവർഷം തുടരുന്നതുതന്നെ അപൂർവമാകും.
പാവങ്ങളുടെ മാരുതി എന്നറിയപ്പെടുന്ന സൈക്കിളുമായുള്ള ഇയാളുടെ ബന്ധം ഒരു പുരുഷായസിന് അപ്പുറമാണെന്ന് പറയേണ്ടിവരും.ടൗണിൽ മിഷൻ സ്കൂളിനുമുന്നിൽ ചിറ്റിലഞ്ചേരി സ്വദേശി നാഗപ്പൻപിള്ളയുടെ സൈക്കിൾ റിപ്പയർ കടയിൽ പന്ത്രണ്ടാമത്തെ വയസിൽ ട്രെയ്നിയായിട്ടായിരുന്നു തുടക്കം.
സ്വന്തമായി ഒരു സൈക്കിൾ ഉള്ളവരെ നാട്ടുകാർ കൗതുകത്തോടെ നോക്കിയിരുന്ന കാലമായിരുന്നു അന്ന്. കാൽനടയായിരുന്നു ദൂരംതാണ്ടാനുള്ള ഏക മാർഗം. അങ്ങനെയുള്ളപ്പോൾ നല്ല സൈക്കിൾ മെക്കാനിക്കാകുകയെന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. സൈക്കിളിനോടു കുഞ്ഞുനാളിലേ അബ്ദുൾ ലത്തീഫിന് വലിയ കന്പമായിരുന്നു. സ്വന്തമായി സൈക്കിൾ വാങ്ങാനായില്ലെങ്കിലും സൈക്കിൽ കടയിലെ പണി അബ്ദുൾ ലത്തീഫിന് ഏറെ ഇഷ്ടപ്പെട്ടു. ആ താത്പര്യം കുറച്ചുനാളുകൾകൊണ്ട് ഇയാളെ ശ്രദ്ധിക്കപ്പെടുന്ന മെക്കാനിക്കാക്കി മാറ്റി.
അധികകാലം തൊഴിലാളിയായി നില്ക്കാതെ സ്വന്തമായി തന്നെ ടൗണിൽ വാടകയ്ക്ക് ചെറിയ മുറിയെടുത്ത് സൈക്കിൾ റിപ്പയർകട തുടങ്ങി. പഴയ കുറച്ചു ടയറുകളും എതാനും സ്പാനറുമായിരുന്നു കടയിൽ റിപ്പയറിംഗിനുള്ള ആയുധങ്ങൾ. കുറഞ്ഞകാലംകൊണ്ട് അബ്ദുൾ ലത്തീഫ് സൈക്കിൾ ഉടമകളുടെ പ്രിയങ്കരനായ റിപ്പയറുകാരനായി. എത്ര ഗുരുതരാവസ്ഥയിലും അബ്ദുൾ ലത്തീഫിന്റെ കടയിൽ സൈക്കിൾ എത്തിച്ചാൽ മതി. അതു മണിക്കൂറുകൾക്കുള്ളിൽ കണ്ടീഷനാക്കി പുറത്തിറക്കും.
പഴയ സൈക്കിളുമായി താരതമ്യം ചെയ്യുന്പോൾ ഇപ്പോൾ ഇറങ്ങുന്ന സൈക്കിളുകളെല്ലാം കളിയുപകരണംപോലെ പെട്ടെന്ന് കേടുവരുന്നവയാണെന്നാണ് അബ്ദുൾ ലത്തീഫ് പറയുന്നത്. സ്കൂൾ വിദ്യാർഥികളാണ് ഇപ്പോൾ കൂടുതലായും സൈക്കിൾ ഉപയോഗിക്കുന്നത്. പതിനഞ്ചുവയസു കഴിയുന്നതോടെ സൈക്കിൾ ഉപേക്ഷിച്ച് സ്കൂട്ടറും ബൈക്കുമായി മാറും. പഴയ പത്രവിതരണക്കാരിൽ അപൂർവം ചിലരും ഇപ്പോൾ സൈക്കിളിൽ പത്രവിതരണവുമുണ്ട്.
പുതിയ തലമുറകൾക്ക് പക്ഷേ ഇത്തരം പഴമകളോടൊന്നും താത്പര്യമില്ല. സ്കൂളിലേക്ക് ബൈക്കിൽ പോയാൽ പോലീസ് പിടിക്കുമോയെന്ന പേടിയിലാണ് വീട്ടുകാരുടെ നിർബന്ധത്തിനു സൈക്കിൾ ഉപയോഗിക്കുന്നത്.തന്റെ ഐശ്വര്യവും സമൃദ്ധിയുമെല്ലാം ഈ സൈക്കിൾ കടയിൽ നിന്നാണെന്ന് അബ്ദുൾ ലത്തീഫ് പറയുന്നു. നാലുമക്കളുടെ വിവാഹം കഴിഞ്ഞു. മകൻ കാജാഹുസൈൻ പിതാവിന്റെ പാത പിന്തുടർന്ന് മന്ദത്തുള്ള കടയിൽ സഹായിയായുണ്ട്.