എവിടെയുണ്ടെങ്കിലും ഇത്തിരി ദയ കാണിക്കൂ. ഉമ്മയെ കാണാന്‍ കഴിഞ്ഞില്ല, ഇനി ഖബറിടത്തില്‍ പോയെങ്കിലും പ്രാര്‍ത്ഥിച്ചോട്ടെ: ആരും ചെയ്യാത്ത സഹായം ചെയ്ത തന്നെ ഗള്‍ഫിലെ അഴിയാക്കുരുക്കില്‍ പെടുത്തിയ അനൂപിനോട് അബ്ദുള്‍ റഹീം പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും കൈയൊഴിഞ്ഞപ്പോള്‍ ജയില്‍ അഴിക്കുള്ളില്‍പ്പെടാതെ സുഹൃത്തിനെ സഹായിച്ചതിന്റെ പേരില്‍ യുഎഇയില്‍ അകപ്പെട്ടിരിക്കുകയാണ് തലശ്ശേരി സ്വദേശി കോമത്ത് അബ്ദുല്‍ റഹീം. കഴിഞ്ഞ 20 വര്‍ഷമായി അബ്ദുല്‍ റഹീം പ്രവാസ ജീവിതം ആരംഭിച്ചിട്ട്. അതില്‍ 16 വര്‍ഷമായി യുഎഇയില്‍.
എന്നാല്‍ ഒരു നന്മ ചെയ്തതിന്റെ പേരില്‍ നാട്ടിലേക്ക് എത്താന്‍ ആകാതെ ദുരിതത്തിലാണ് ഇദ്ദേഹം. ചെക്ക് കേസില്‍ പ്രതിയായ സുഹൃത്തിന്റെ ജാമ്യത്തിന് പാസ്പോര്‍ട്ട് വെച്ചതാണ് അബ്ദുള്‍ റഹീമിന് വിനയായത്. ജയില്‍ മോചിതനായ ശേഷം തൃശൂര്‍ സ്വദേശിയായ അനൂപ് മുങ്ങുകയായിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലാതായി. അബ്ദുല്‍ റഹീമിന്റെ ബസിയാസ് സ്‌ക്വയറിലെ റെഡിമെയ്ഡ് വസ്ത്രശാലയില്‍ ഇടക്ക് വന്നിരുന്ന് വര്‍ത്തമാനം പറഞ്ഞിരുന്ന ചങ്ങാതി എന്ന ബന്ധം മാത്രമാണ് അനൂപുമായുള്ളത്. ശൈഖ് സായിദ് റോഡില്‍ ഒരു മാന്‍ പവര്‍ സപ്ലൈ കമ്പനി നടത്തി വന്നിരുന്ന അനൂപ് ഒരിക്കല്‍ ഒരു കേസില്‍ കുടുങ്ങി. പണം നല്‍കാനുള്ളയാള്‍ കൊടുത്ത വ്യാജ ചെക്ക് മാറാന്‍ ശ്രമിച്ചെന്ന കേസില്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലുമായി.
അനൂപ് ജയിലിലായെന്നും വക്കീലന്‍മാര്‍ പറ്റിച്ചെന്നും ഒരു കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച് നല്ല വക്കീലിനെ ഏര്‍പ്പെടുത്തി ജാമ്യമെടുക്കാനും സഹായം ചെയ്തു. ജാമ്യം കിട്ടി ജാഫിലിയ സ്റ്റേഷനില്‍ എത്തിയ അനൂപിനെ കാത്തിരുന്നത് ചെക്കു മടങ്ങിയതിന്റെ മറ്റൊരു കേസായിരുന്നു. ഒന്നുകില്‍ നല്‍കാനുള്ള പണം അടക്കുക, അല്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യമായി വെക്കുക- എന്നതായിരുന്നു പുറത്തു വിടാനുള്ള വ്യവസ്ഥ. കൈയില്‍ പണമില്ല, പാസ്പോര്‍ട്ട് നേരത്തേയുള്ള കേസിന്റെ ആവശ്യത്തിന് ഗ്യാരണ്ടിയായി നല്‍കിയിരിക്കുന്നു.
സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് അനൂപിന്റെ ഭാര്യയും വീട്ടുകാരും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം സമീപിച്ചു, എല്ലാവരും കൈയൊഴിഞ്ഞു. ഈ അവസരത്തിലാണ് അനൂപിന്റെ ഭാര്യയും വീട്ടുകാരും റഹീമിനെ സമീപിക്കുന്നത്. പുറത്തിറങ്ങിയാലുടന്‍ പണം സ്വരൂപിച്ച് കെട്ടിവെച്ച് പാസ്പോര്‍ട്ട് തിരിച്ചെടുത്തു തരാമെന്ന വാക്കു വിശ്വസിച്ച് 2016 അവസാനത്തില്‍ പാസ്പോര്‍ട്ട് നല്‍കി. രണ്ട് മാസത്തിനകം വിസ പുതുക്കാനുള്ളതാണെന്നും വേഗത്തില്‍ പ്രശ്നത്തിന് തീര്‍പ്പുണ്ടാക്കണമെന്നും പറഞ്ഞാണ് പാസ്പോര്‍ട്ട് നല്‍കിയത്. ജാമ്യത്തിലിറങ്ങിയ ശേഷം അനൂപും വീട്ടുകാരും റഹീമിന് നന്ദി അറിയിച്ച് എത്തുകയും ചെയ്തു.
എന്നാല്‍ പിന്നീട് അനൂപും വീട്ടുകാരും അപ്രത്യക്ഷരായി. യാതൊരു വിവരവും ഇല്ലാതായി. ഫോണുകള്‍ സ്വിച്ച് ഓഫ്. അനൂപിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്ന സുഹൃത്തുക്കള്‍ ഒഴിഞ്ഞുമാറി. അനൂപിനായി ജാമ്യം വെച്ച പാസ്പോര്‍ട്ടില്‍ വിസ കാലാവധി കഴിഞ്ഞതോടെ റഹീമിന്റെ യുഎഇയിലെ താമസം നിയമവിരുദ്ധമായി. ഉമ്മ ഖദീജക്ക് സുഖമില്ലാതായതറിഞ്ഞിട്ടും നാട്ടില്‍ പോയി ഒന്നു കാണാന്‍ കഴിയാതെയായി. പാസ്പോര്‍ട്ട് വിട്ടുകിട്ടണമെങ്കില്‍ പ്രതി നേരിട്ട് ഹാജറാകണമെന്ന് അധികൃതര്‍ പറഞ്ഞതോടെ കഴിയാവുന്നിടത്തെല്ലാം അന്വേഷണം നടത്തി. ഉമ്മക്ക് അസുഖം ഗുരുതരമാണെന്ന് വീട്ടില്‍ നിന്നറിയിച്ചിട്ടും പോകാനായില്ല. കേള്‍വി-സംസാര ശേഷിയില്ലാത്ത ഭാര്യ ജസീലക്കും തീരെ സുഖമില്ലാതെയായി.
അനൂപ് വരുത്തിയ ബാധ്യതകള്‍ അടച്ചാണെങ്കിലും പാസ്പോര്‍ട്ട് തിരിച്ചെടുത്ത് നാട്ടില്‍ പോകാനാകുമോ എന്ന് തിരക്കുന്നതിനിടെ ഉമ്മ മരണപ്പെട്ടുവെന്ന വാര്‍ത്തയുമെത്തി. തീരെ കുഞ്ഞായിരിക്കെ കണ്ട മകന്‍ അസമിന് ഇപ്പോള്‍ മൂന്നു വയസായി. അവസാന നാളുകളില്‍ ഉമ്മയെ കാണാനായില്ലെങ്കിലും അവരുടെ ഖബറിടത്തിലെങ്കിലും ചെന്ന് നിന്ന് പ്രാര്‍ഥിക്കണമെന്നുണ്ട്. കേസില്‍ കുടുങ്ങി ദിവസങ്ങളില്‍ എന്നും പലവട്ടം വിളിച്ചിരുന്ന റഹീമിന്റെ നമ്പറിലേക്ക് അനൂപോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഒന്ന് തിരികെ വിളിക്കണം. നന്മ നിറഞ്ഞ ആ മനുഷ്യന്‍ അകപ്പെട്ടിരിക്കുന്ന കുരുക്കുകളഴിക്കാന്‍ സഹായിക്കണം. ഇല്ലെങ്കില്‍ നാളെ, ഇതുപോലെ ആപത്തില്‍പെടുന്ന നിരപരാധികളെ സഹായിക്കാന്‍ ആരും തയ്യാറാകില്ല.