കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം നീളുന്നതിനിടെ കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരേ പരസ്യപ്രതികരണവുമായി എ.പി.അബ്ദുള്ളക്കുട്ടി. വി.എം.സുധീരനെയടക്കം വിമർശിക്കുന്ന രീതിയിലാണ് ഇന്നലെ രാത്രി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒറ്റരാത്രി കൊണ്ടു പാച്ചേനിയെ “എ’ ഗ്രൂപ്പിൽ നിന്നു “സു’ ഗ്രൂപ്പിലേക്കു മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശിക്കണ്ട എന്നായിരുന്നു പോസ്റ്റ്.
സിപിഎം പ്രവർത്തകർ സോഷ്യൽമീഡിയയിൽ അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് ആഘോഷിക്കുന്പോൾ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തുണ്ട്.
ബിജെപിയിലേക്ക് പോകുമോയെന്ന ആശങ്കയും പലരും പോസ്റ്റിനു കീഴിൽ പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റ് അനവസരത്തിലാണെന്നും പിന്വലിക്കുന്നതാണ് ഉചിതമെന്നും വി.ടി.ബൽറാം ഉപദേശിച്ചിട്ടുമുണ്ട്. എന്നാൽ പോസ്റ്റ് ഇതുവരെയായും അബ്ദുള്ളക്കുട്ടി പിൻവലിച്ചില്ല.
അതിനു പിന്നാലെ, മംഗളൂരുവിലെ മകൾ പഠിക്കുന്ന സ്കൂളിൽ നടന്ന സ്പോട്ട്സ് ഡേയിൽ നടന്ന ചാക്ക് റൈസ് മത്സരത്തെ കുറിച്ചു ചിത്രസഹിതമുള്ള മറ്റൊരു പോസ്റ്റും അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഫോണിൽ ബന്ധപ്പെട്ടപ്പോൾ പോസ്റ്റിനെ കുറിച്ചു കൂടുതൽ പ്രതികരിക്കാനും അദ്ദേഹം തയാറായിട്ടില്ല.
ഇന്നലെ നടന്ന കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് കൺവൻഷനിലും അബ്ദുള്ളക്കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്നു മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ബന്ധപ്പെട്ടുവെന്നാണു വിവരം. കണ്ണൂർ, കാസർഗോഡ്, വടകര മണ്ഡലങ്ങളിൽ സ്ഥാനാർഥി പട്ടികയിൽ ഇടംനേടിയ പേരായിരുന്നു അബ്ദുള്ളക്കുട്ടിയുടേത്.
എന്നാൽ എവിടേയും പരിഗണിച്ചതേയില്ല. ഇതിനിടയിലാണു കോൺഗ്രസ് ഗ്രൂപ്പുകൾക്കെതിരേ രൂക്ഷ പ്രതികരണവുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഗ്രൂപ്പുകൾക്കിടയിൽപ്പെട്ടു പാർട്ടി പ്രവർത്തനത്തിനു പോലും അവസരമില്ലാതായെന്ന വിലയിരുത്തലിലാണ് അബ്ദുള്ളക്കുട്ടി.
പാർട്ടിയുടെ ജില്ലാതലത്തിൽ പോലും ഭാരവാഹിത്വമില്ലാത്തതും അബ്ദുള്ളക്കുട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്. സംഘടനാതലത്തിലും പാർലമെന്ററി രംഗത്തുമില്ലാതെ രാഷ്ട്രീയപ്രവർത്തനം മുന്നോട്ടുകൊണ്ടുപോവുക പ്രയാസമാണെന്ന നിലപാടിലാണ് അബ്ദുള്ളക്കുട്ടി. കെ.സുധാകരന്റെ ആശീർവാദത്തോടെ സിപിഎം വിട്ടു കോൺഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടി കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹവുമായി അകൽച്ചയിലാണ്.