മാധവിക്കുട്ടിയുടെ പേരിലുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ലേ ?. കമലിന്റെ ആമി ഉയര്‍ത്തിയ വിവാദങ്ങള്‍ ഒന്നവസാനിച്ചപ്പോള്‍ പുതിയൊരു വിവാദം ഉയര്‍ന്നു വന്നിരിക്കുകയാണ്. മാധവിക്കുട്ടിയുടെ ജീവചരിത്രമായ പ്രണയത്തിലെ രാജകുമാരിയാണ് പുതിയ വിവാദ വിഷയം. കമലാ സുരയ്യയുടെ സുഹൃത്തും കനേഡിയന്‍ എഴുത്തുകാരിയുമായ മെര്‍ലി വെയ്‌സ്‌ബോര്‍ഡ്, 2010ല്‍ എഴുതിയ ലവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് പ്രണയത്തിന്റെ രാജകുമാരി.
പുസ്തകത്തില്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്ന് ആരോപിച്ച് മുസ്ലിംലീഗ് നേതാവ് അബ്ദു സമദ് സമദാനി മാനനഷ്ടക്കേസ് കൊടുത്തതോടെയാണ് മാധവിക്കുട്ടിയുടെ ജീവിതം വീണ്ടും ചര്‍ച്ചയാകുന്നത്. പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസാധകരായ ഗ്രീന്‍ ബുക്‌സ് പബ്ലിഷേഴ്‌സിന് വക്കീല്‍ നോട്ടീസും അയച്ചു. ഗ്രീന്‍ബുക്ക്‌സ് എം.ഡി കൃഷ്ണദാസ്, എം. ജി സുരേഷ്, എഴുത്തുകാരി മെര്‍ലി വെയ്‌സ്‌ബോഡ് എന്നിവര്‍ക്കെതിരേയാണ് ബി.ജെ.പി നേതാവ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുഖേന നോട്ടീസയച്ചിരിക്കുന്നത്. ഇവര്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളെ രണ്ടു പേരെയും കുറിച്ചുള്ള അപവാദങ്ങള്‍ മാധവിക്കുട്ടി തന്നെ നിഷേധിച്ചിട്ടുള്ളതാണെന്നും തനിക്ക് അയച്ച കത്തുകളില്‍ അവര്‍ അമ്മ എന്നാണ് അഭിസംബോധന ചെയ്തിട്ടുള്ളതെന്നും സമദാനി പറഞ്ഞു.
പുസ്തകത്തില്‍ പറയുന്ന മുസ്ലിംലീഗ് നേതാവ് സാദിഖ് അലി താനല്ലെന്നും അവരുടെ മതം മാറ്റത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും സമദാനി പറയുന്നു. താന്‍ അവര്‍ക്ക് വിവാഹവാഗ്ദാനം നല്‍കിയിട്ടില്ലെന്ന കാര്യം മാധവിക്കുട്ടി തന്നെ ചില അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുള്ളതാണെന്നും സമദാനി വ്യക്തമാക്കുന്നു. എന്തായാലും വരും നാളുകളില്‍ ഈ പുസ്തകം ചര്‍ച്ചയാകുമെന്നുറപ്പാണ്.