മഞ്ചേരി: സ്വന്തം മകൾ മരണത്തിന്റെ കയത്തിലേക്ക് കൈകാലിട്ടടിച്ച് മറയുന്നത് ആ പിതാവിന് കണ്ടു നിൽക്കേണ്ടി വന്നു.രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടപ്പോൾ പിതാവ് അബ്ദുറഹ്മാന് നഷ്ടപ്പെട്ടത് പൊന്നുമകളെയാണ്.
ഇന്നലെ പന്തല്ലൂരിൽ നാട്ടുകാരുടെ കണ്ണ് ഈറനണിയിച്ച് മരണത്തിലേക്കു ഒഴുകിപ്പോയ ഫാത്തിമ ഫിദയെന്ന ബാലിക രക്ഷപ്പെടുത്താനുള്ള പിതാവിന്റെ ശ്രമം വിഫലമാകുകയായിരുന്നു.
അഞ്ചു മുതൽ 19 വരെ പ്രായമുള്ളവരും ബന്ധുക്കളുമായ എട്ടു കുട്ടികൾക്കൊപ്പം ഫാത്തിമ ഫിദയുടെ പിതാവ് അബ്ദുറഹ്മാനും പുഴയോരത്ത് എത്തിയിരുന്നു.
പുറമെ ശാന്തമെങ്കിലും അടിയൊഴുക്ക് ഉള്ളിലൊളിപ്പിച്ച കടലുണ്ടിപ്പുഴയുടെ ചതി മനസിലാക്കാൻ അബ്ദുറഹിമാനോ കുട്ടികൾക്കോ ആയില്ല.
കുട്ടിക്കാലം മുതൽ കാണുന്ന കടലുണ്ടിപ്പുഴ കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് രൗദ്രഭാവം പൂണ്ടത് മനസിലാക്കാതെയാണ് സംഘത്തിലെ നീന്തലറിയുന്ന നാലുപേർ വെള്ളത്തിലേക്കു ചാടിയത്.
ഒഴുക്കിൽപ്പെട്ട ബാലികമാരുടെ വെപ്രാളം ശ്രദ്ധയിൽപ്പെട്ട് അബ്ദുറഹ്മാനും പുഴയിലേക്കെടുത്തു ചാടിയെങ്കിലും കുട്ടികൾ തലനാരിഴ വ്യത്യാസത്തിൽ മരണത്തിലേക്ക് ഒഴുകിപോവുകയായിരുന്നു.
വെള്ളത്തിൽ മുങ്ങി താഴ്ന്ന് മരണവുമായി നേരിൽക്കണ്ട പാലിയം കുന്നത്ത് അൻഷിദയെന്ന പതിനൊന്നുകാരിയെ നാട്ടുകാരനായ ഷാഫിയെന്ന യുവാവ് രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടികൾ ഒഴുക്കിൽപെട്ടതറിഞ്ഞ് പന്തല്ലൂർ ഗ്രാമത്തിലെ നിരവധി യുവാക്കളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.
രണ്ടു കുട്ടികളെ പെട്ടെന്ന് തന്നെ കണ്ടെത്താനായെങ്കിലും അവർ മരിച്ചിരുന്നു. ഫസ്്മിയയെ കണ്ടെത്താൻ ആറു മണിക്കൂർ തെരച്ചിൽ നടത്തി. ഒരു കിലോമീറ്റർ അകലെയുള്ള കയത്തിൽ മൃതദേഹം താഴ്്ന്നു കിടക്കുകയായിരുന്നു.
ഇന്നലെ സന്ധ്യയോടെയാണ് പന്തല്ലൂർ കടവിൽ നിന്നു ഫസ്്മിയയുടെ മൃതദേഹവുമായി അവസാനത്തെ ആംബുലൻസ് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോയത്.
പാണ്ടിക്കാട് പോലീസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയോടെ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.