മസിൽ കരുത്തിന്റെ മാസ്മരികത കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിക്കാൻ തുടങ്ങിയ കാലത്താണ് അബ്ദുൾ ബുഹാരിയെന്ന 20 കാരൻ ഗ്രാമത്തിലെ മൾട്ടി ജിമ്മിന്റെ പരസ്യബോർഡുകളിലെ മസിൽമാൻമാരെ കണ്ണിമയ്ക്കാതെ നോക്കിനിൽക്കാൻ തുടങ്ങിയത്. അന്ന് അതൊരു വെറും കൗതുകം മാത്രമായിരുന്നു. പോകെ പോകെ ആ ബോർഡുകളിൽ അയാൾ തന്നെത്തന്നെ കാണാൻ തുടങ്ങി. പക്ഷേ പോളിയോ തളർത്തിയ സ്വന്തം കാലുകളിലേക്കു തിരിഞ്ഞു നോക്കുന്പോൾ ആ കൗതുകങ്ങൾ പെട്ടെന്ന് അസ്തമിച്ചുപോയി. പക്ഷേ കാലത്തിന്റെ കരുത്തുള്ള കൈകൾ, അയാളുടെ ആഗ്രഹങ്ങൾക്കു നേരേ പിന്നെയും പിന്നെയും നീണ്ടുവന്നു.
2009 ൽ ഭിന്നശേഷിക്കാരുടെ മിസ്റ്റർ യൂണിവേഴ്സ് പട്ടത്തിനു വേണ്ടി ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു മലയാളി മത്സരാർഥി എത്തി. മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയ ആ മലയാളി താരം വെങ്കലത്തിൽ മുത്തമിട്ടു. പോരായ്മകളെ അതിജീവിച്ച, പ്രയത്നത്തിൽ ഉറച്ചു വിശ്വസിച്ച ആ സുവർണ വിജയത്തിന്റെ മറ്റൊരു പേരായി അബ്ദുൾ ബുഹാരിയെന്ന പുനലൂർക്കാരൻ. അവിടുന്നങ്ങോട്ട് വിജയങ്ങളുടെ പരന്പര തന്നെയായിരുന്നു. തുടർച്ചയായി അഞ്ചു വർഷം മിസ്റ്റർ ഇന്ത്യ, ഏഴ് വർഷം സ്റ്റേറ്റ് ചാന്പ്യൻ, ഒന്പതു വർഷം മിസ്റ്റർ കൊല്ലം,……
ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാന്റെ സുൽത്താനും, മിസ്റ്റർ പെർഫക്ഷനിസ്റ്റ് അമീർ ഖാന്റെ ദംഗലുമെല്ലാം അരങ്ങുതകർക്കുന്ന പുതിയ കാലത്ത് ബുഹാരി തിരക്കിലാണ്. അതു പക്ഷേ തെന്നിന്ത്യയിലെ സിനിമതാരങ്ങൾ ഉൾപ്പെടെയുള്ള മസിൽമോഹികളുടെ ബോഡി ബിൽഡിംഗ് ട്രെയിനറുടെ വേഷത്തിലാണെന്നു മാത്രം. ബോഡി ബിൽഡിംഗ് കലയാണ്; ശാസ്ത്രവും. അർപ്പണബോധവും കഠിനാധ്വാനം ചെയ്യാനുള്ള കഴിവുമാണ് അതിനുള്ള യോഗ്യതകൾ. അതുകൊണ്ടു തന്നെ ആ കലയിലെ ആശാനാകാൻ ബുഹാരിക്ക് അയോഗ്യതകളൊന്നുമില്ല. ഇന്ന് കേരളത്തിൽ ബുഹാരിയുടെ കീഴിൽ പരിശീലനം നേടാൻ ക്യൂ നിൽക്കുന്ന ജിമ്മൻമാർ നിരവധിയാണ്. അർനോൾഡ് ഷ്വാസ്നെഗറിന്റെ ആശാൻ വിൻസി ഗിറോണ്ടയെ അവർ അബ്ദുൾ ബുഹാരിയിൽ കണ്ടെത്തുകയാണ്.
സൈക്കിളിൽ തുടങ്ങിയ വിജയം
പുനലൂർ ചെരുവിള പുത്തൻ വീട്ടിൽ അഹമ്മദ് കോയയുടേയും റഷീദ ബീവിയുടേയും ആറു മക്കളിൽ മൂന്നാമനായിട്ടായിരുന്നു അബ്ദുൾ ബുഹാരിയുടെ ജനനം. കുടുംബത്തിൽ ആദ്യമായി ആണ്കുട്ടി ജനിച്ചതിന്റെ സന്തോഷം അധികം വൈകും മുന്പ് അണഞ്ഞു. ജനിച്ച് ആറാം മാസത്തിൽ കുട്ടിയുടെ വലത്തെ കാലിൽ ബാധിച്ച പോളിയോ ആ കുടുംബത്തെ തളർത്തിയെങ്കിലും അവർ വിധിയെ പഴിച്ചില്ല. ബാപ്പയുടേയും ഉമ്മയുടേയും സഹോദരിമാരുടേയുമെല്ലാം സംരക്ഷണയിൽ ബുഹാരി വളർന്നു. ആരും ഒന്നിലും ബുഹാരിയെ മാറ്റി നിർത്തിയില്ല. ഒന്നിൽ നിന്നും പിൻതിരിപ്പിച്ചതുമില്ല. സാധാരണ കുട്ടികളേപ്പോലെ ബുഹാരിയും വളർന്നു.
പുനലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആറാംക്ലാസിൽ പഠിക്കുന്ന കാലത്തായിരുന്നു മാറ്റങ്ങളുടെ തുടക്കം. കൂടെയുള്ള കുട്ടികളൊക്കെ സൈക്കിൾ ചവിട്ടുന്നതു കണ്ടപ്പോൾ ഉള്ളിൽ തോന്നിയ മോഹമാണ് അതിൽ തനിയെ ഒന്ന് കയറണമെന്നത്. ചിലന്തി വല നെയ്യുന്നതുപോലെ ഒരു പാടുശ്രമങ്ങൾക്കും വീഴ്ചകൾക്കുമൊടുവിൽ ബുഹാരി ചവിട്ടിക്കയറിയത് പുതിയോരു ജീവതത്തിലേക്ക് കൂടിയായിരുന്നു. അതൊരു തിരിച്ചറിവായിരുന്നു. ശരീരത്തേക്കാൾ ഏറെ കരുത്ത് മനസിനുണ്ടെങ്കിൽ പോരായ്മകളെ പടിയിറക്കിവിടാനാകുമെന്ന്.
അതു പകർന്നുകൊടുത്ത ആത്മവിശ്വാസം ചെറുതായിരുന്നില്ല. പിന്നീടങ്ങോട് ആ ഒരു വിശ്വാസം മാത്രം മതിയായിരുന്നു ബുഹാരിക്ക് ചിന്തിക്കുന്നതിലെല്ലാം ചാന്പ്യനായി മാറാൻ.
അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസമാണ് എപ്പോഴും വേണ്ടത്. ശാരീരിക പരിമിതികൾ ഒന്നും സ്വപ്നങ്ങളുടെ അതിർവരന്പല്ല. നാം അതിനോട് സ്വീകരിക്കുന്ന സമീപനത്തിനാണ് മാറ്റമുണ്ടാകേണ്ടത്. നല്ല പരിശ്രമമുണ്ടെങ്കിൽ ഏതുകാര്യവും നേടിയെടുക്കമെന്നതിന് തന്റെ ജീവിതം തന്നെയാണ് സാക്ഷ്യമെന്നും ബുഹാരി പറയുന്നു. സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം ഫുട്ബോളും, ക്രിക്കറ്റുമൊക്കെ കളിച്ചു പത്താംക്ലാസ് വരെ അതേ സ്കൂളിൽ പഠിച്ചു. അധികം വൈകാതെ പുനലൂരിൽ സ്വന്തമായി ഒരു ചിക്കൻ സ്റ്റാൾ തുടങ്ങി.
മസിലായിരുന്നു മനസിലും
സ്റ്റാളും വീടും സുഹൃത്തുക്കളുമൊക്കെയായി ജീവിതം സാധാരണയായി പോകുന്ന സമയത്താണ് മനസിൽ മസിൽ എന്ന മോഹം കയറിപ്പറ്റിയത്. ആദ്യമൊക്കെ വീട്ടിൽ തന്നെ ചെറിയ വ്യായാമമുറകളോക്കെ ചെയ്തുതുടങ്ങിയപ്പോൾ ആത്മവിശ്വാസമായി. പിന്നീട് നാട്ടിലെ പാസ് എന്ന ജിമ്മിലേക്ക് രംഗപ്രവേശം. കാലുകൾ ശോഷിച്ച് താരതമ്യേന ഉയരം കുറഞ്ഞൊരു ചെറുപ്പക്കാരൻ ആദ്യമായി ആ ജിംനേഷ്യത്തിലേക്ക് കടന്നു വന്നപ്പോൾ അയാൾ ഇത്രയേറെ ഉയരങ്ങൾ കീഴടക്കുമെന്ന് ജിമ്മിലെ ഇൻസ്ട്രക്ടർ ഷൈൻരാജും വിചാരിച്ചിരുന്നില്ല. തനിക്ക് ഇതൊക്കെ പറ്റുമോ എന്നു ചോദിച്ച ബുഹാരിയുടെ ആദ്യ ഗുരുകൂടിയായ ഷൈനിന്, ബുഹാരി നൽകിയ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു.
ബോഡി ബിൽഡിംഗ് കഠിനം
ഇന്നത്തെ പോലെയല്ല അന്ന്. മസിൽ കടകൾ (മൾട്ടി ജിമ്മുകൾ) അധികം പ്രചാരം നേടുന്നതിനു മുന്പുള്ള കാലം. വെയിറ്റുകൾ ഒരു കന്പിയിൽ കോർത്ത് ബാലൻസ് ചെയ്തുവേണം മസിലുകളെ തൃപ്തിപ്പെടുത്താൻ. ശരിയായ ബാലൻസ് അല്ലെങ്കിൽ കിട്ടുക ഉദദ്ദശിച്ച ഫലത്തിന് വിപരീരമായിരിക്കും. ഇൻസ്ട്രക്ടർ പോലും ആശങ്ക പങ്കുവച്ചു. പരിക്കു പറ്റുമോ എന്ന് പുള്ളിക്കുള്ള ഭയം വേറെ. എന്നാലും പന്മാറിയില്ല. ഭക്ഷണം ക്രമീകരിച്ചു. ലഘുവായി തുടങ്ങി കഠിനമാകുന്ന വ്യായാമമുറകൾ. സെറ്റ്സ് ആൻഡ് റെപ്സ് കൂട്ടിക്കൂട്ടി എടുത്തപ്പോൾ ആത്മവിശ്വാസവും വർധിച്ചു. മസിലുകളിലേക്കു നോക്കുന്പോൾ പിന്നെ പിന്നെ ഒരു ഫീലിംഗ് ഗുഡ് ഒക്കെ തോന്നിത്തുടങ്ങി. അങ്ങനെയിരിക്കുന്പോഴാണ് മിസ്റ്റർ പൂനലൂർ മത്സരം വന്നത്. മത്സരിച്ചു കൂടേടോ, എന്ന് ഷൈൻ ഭായ് ചോദിച്ചു. ഭി്ന്നശേഷിക്കാർക്ക് പ്രത്യേകം കാറ്റഗറിയൊന്നുമില്ല. ഇറങ്ങുന്നെങ്കിൽ ജനറൽ കാറ്റഗറിയിൽ തന്നെ ഇറങ്ങണം. ഏതായാലും ഇതുവരെ ആയില്ലേ, അരക്കൈ നോക്കിയിട്ടു തന്നെ കാര്യമെന്ന് അങ്ങ് ഉറപ്പിച്ചു. പങ്കെടുത്ത എല്ലാവരെയും ഒടുക്കം എന്നെത്തന്നെയും ഞെട്ടിച്ചു കൊണ്ട് മത്സരത്തിന്റെ ഫലപ്രഖ്യാപനം. ഞാൻ മിസ്റ്റർ പൂനലൂർ ആയിരിക്കുന്നു!. ആ കാലഘട്ടത്തിൽ ശരീരസൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുക എന്നതൊക്കെ വിദൂര സ്വപ്നങ്ങളിൽ മാത്രമായിരുന്ന കാലമാണതെന്നു കൂടി ഓർക്കണം.
പ്രോട്ടീൻ പൗഡർ എന്ന വില്ലൻ
അല്പം മസിലും സിക്സ് പായ്ക്കുമെല്ലാം ഏതോരു ചെറുപ്പക്കാരന്റെയും സ്വപ്നമാണ്. എന്നാൽ അതിന് കുറുക്കു വഴികൾ സ്വീകരിക്കുന്നത് ശരിയായ പ്രവണതയല്ല. രാവിലെയോ വൈകിട്ടോ ഒരു മണിക്കൂർ നേരം ഫിറ്റ്നെസ് നേടാനായി ജിമ്മുകളിൽ പോകുന്ന ഒരാൾക്ക് പ്രോട്ടീൻ പൗഡറുകളേ ആശ്രയിക്കേണ്ട ഒരാവശ്യവുമില്ല. അയാൾ കഴിക്കുന്ന ആഹാരത്തിൽ തന്നെ അയാൾ ചെയ്യുന്ന വ്യായാമങ്ങൾക്കുള്ള പോട്ടീനും കലോറിയും എല്ലാം അടങ്ങിയിട്ടുണ്ട്. അല്ലാതെ കഴിക്കുന്നവ അനാവശ്യമായി ശരീരത്തിൽ അടിഞ്ഞുകൂടുകയും ദഹനക്കേട് മുതൽ കിഡ്നി അടക്കമുള്ള അവയവങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ബുഹാരി പറയുന്നു. അതേ സമയം ബോഡി ബിൽഡിംഗ് പ്രഫഷനായി എടുത്ത ഒരാൾക്ക് വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശ പ്രകാരം പ്രോട്ടീൻ പൗഡറുകൾ പോലുള്ളവ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ബുഹാരി പറയുന്നു.
അബ്ദുൾ ബുഹാരി തിരക്കിലാണ്
മസിൽ സീസണ് ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ബുഹാരി എന്ന ബോഡിബിൾഡിംഗ് ട്രെയിനർക്ക് വിശ്രമമില്ലാത്ത ദിനങ്ങളാണ്. മിസ്റ്റർ ജില്ല മത്സരങ്ങൾ മുതൽ മിസ്റ്റർ ഇന്ത്യ വരെയുള്ള ഓരോ മത്സരവേദിയിലും കാണും കൈകൾ കൂട്ടിപ്പിടിച്ച് ശ്വാസമെടുത്ത് മസിലുകൾ പെരുപ്പിച്ച് നിൽക്കുന്നവരുടെ ഇടയിൽ ബുഹാരി മസിൽ വളർത്തി വിട്ട ചെക്കന്മാരും. ഒരു സീസണിൽ തന്നെ ബുഹാരിയുടെ ശിക്ഷണത്തിൽ, 3040 മസിൽ കുട്ടൻമാർ ശരീര സൗന്ദര്യ മത്സരത്തിനിറങ്ങും. ഡിസംബറിൽ ഹരിയാനയിൽ വച്ചു നടന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ജൂണിയർ മിസ്റ്റർ ഇന്ത്യ പട്ടവും കഴിഞ്ഞ രണ്ടുതവണയായി മിസ്റ്റർ പത്തനംതിട്ട സ്ഥാനവും കരസ്ഥമാക്കിയ കെ.ജെ. ജോണ്സി, ഇത്തവണത്തെ മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാംസ്ഥാനവും മിസ്റ്റർ കൊല്ലവുമായ അരുണ്മോഹൻ തുടങ്ങിയവരെല്ലാം ബുഹാരിയുടെ ശിഷ്യരിൽ ചിലർ മാത്രമാണ്.
വീണ്ടും കളത്തിലിറങ്ങുന്നു…
ബുഹാരിയുടെ മസിൽ പെരുമ കേരളത്തിൽ തളിർത്തു പന്തലിക്കുകയാണ്. ആശാന്റെ വേഷത്തിലുള്ള ശ്രദ്ധ അൽപമൊന്നു കുറയക്കാൻ ബുഹാരി തീരുമാനിച്ചിരിക്കുകയാണ്. വരാൻ പോകുന്ന നൂറുകണക്കിന് മത്സരവേദികളിലെ ഹർഷാരവങ്ങൾക്കിടയിലേക്ക് ഇറങ്ങിചെല്ലാനുള്ള തയാറെടുപ്പുകളിലാണ് ശിഷ്യരുടെ പ്രിയപ്പെട്ട ആശാൻ എല്ലാ പിന്തുണയുമായി ഭാര്യ ലുബിനയും മകൾ ബുർഹാനയും ബുഹാരിയ്ക്കൊപ്പമുണ്ട്.
ജയ്സണ് അതിരന്പുഴ