വടക്കഞ്ചേരി: തൊണ്ണൂറ്റിയഞ്ചു വയസിനിടയ്ക്ക് ഒരുദിവസംപോലും രോഗം പിടിപെട്ട് ആശുപത്രിയിൽ കിടക്കാത്ത അപൂർവം ചിലരിൽ ഒരാളാണ് വടക്കഞ്ചേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിനു മുന്നിലെ കട നടത്തിപ്പു ചുമതലക്കാരനായ അബ്ദുൾ അസീസ്. അബ്ദുൾ അസീസ് ഇക്കാര്യം വെളിപ്പെടുത്തുന്പോൾ പെട്ടെന്നാർക്കും അത് വിശ്വസിക്കാനാകില്ല. കാരണം ഇന്നു പലരും വീട്ടിൽ വിശ്രമിക്കുന്നതിനേക്കാൾ കൂടുതൽ സമയം ആശുപത്രികളിലാണ് തങ്ങുന്നത്.
വയസ് 95 ആയെന്നു കരുതി വയ്യല്ലോയെന്നു പറഞ്ഞ് വീടിനുള്ളിൽ ചടഞ്ഞുകൂടിയിരിക്കാനൊന്നും അബ്ദുൾ അസീസ് തയാറല്ല. വീടിനോടു ചേർന്ന കടയുടെ മുഖ്യചുമതലക്കാരനാണ് അബ്ദുൾ അസീസ്. കടയെന്നു പറഞ്ഞാൽ അത് ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. കാണാൻ വലിയ ഗമയൊന്നും ഇല്ലെന്നേയുള്ളൂ.സ്റ്റേഷനറി, ബേക്കറി, പലച്ചരക്ക്, പച്ചക്കറി, പഴം തുടങ്ങി ഇവിടെ കിട്ടാത്ത ഒന്നും തന്നെയില്ല. വാഴപ്പഴങ്ങളുടെ മൊത്തവില്പന തന്നെയുണ്ട് ഇവിടെ.
രാവിലെ തുടങ്ങുന്ന പണിതിരക്കുകൾക്ക് ശമനമാകണമെങ്കിൽ അർധരാത്രിയാകണം. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാര സമയത്തു മാത്രമാണ് കടയിൽനിന്നും മാറിനില്ക്കുക. വിശ്രമമെല്ലാം അത്ര മതിയെന്നാണ് അബ്ദുൾ അസീസ് പറയുന്നത്. വേനലായതിനാൽ വീടിനുപിറകിലെ പറന്പുനനയും ഇപ്പോൾ അധിക ഡ്യൂട്ടിയാണ്.
അള്ളാഹുവിന്റെ കൃപകൊണ്ട് ഇപ്പോഴും യാതൊരു അസുഖവുമില്ല. വാപ്പയ്ക്ക് നല്ല ഓർമശക്തിയാണെന്നാണ് കടയിലുള്ള മകൻ കാസിമും പറയുന്നു. കച്ചവടം സംബന്ധിച്ച പല കാര്യങ്ങളും 46-കാരനായ കാസിം മറക്കുന്ന സമയത്ത് വാപ്പയാണ് ഓരോ കാര്യവും ഓർമപ്പെടുത്തികൊടുക്കുക.
കടയിൽ ഒന്നിന്റെയും രണ്ടിന്റെയും കോയിനുകൾ വന്നാൽ അത് എത്രയാണെന്നു മകൻ കാസിം കണ്ടുപിടിക്കും മുന്പേ അബ്ദുൾ അസീസ് തരംതിരിച്ച് കൊടുക്കും. ഓർമശക്തിപോലെ കണ്ണിനും നല്ല ബ്രൈറ്റ്നസാണെന്നാണ് കാസിം പറയുന്നത്. കേൾവിയും ഒട്ടും പിറകിലല്ല.
ആശുപത്രി വീടിനു തൊട്ടുമുന്നിൽ തന്നെയാണെങ്കിലും ആ സ്ഥാപനവുമായി വലിയ അടുപ്പമൊന്നും അബ്ദുൾ അസീസ് ചെറുപ്പംമുതലേ കാണിക്കാറില്ല. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും സാധനങ്ങൾ വാങ്ങാൻ കടയിലെത്തും. വിശേഷങ്ങൾ പരസ്പരം കൈമാറും. ചില സ്ഥാപനങ്ങളുമായി അത്രബന്ധം മതിയെന്നാണ് അബ്്ദുൾ അസീസിന്റെ കമന്റ്.
ഏതുഭക്ഷണവും കഴിക്കും. ഇന്നത് വേണമെന്ന നിർബന്ധമില്ല. പക്ഷേ, അമിതാഹാരമില്ല. വീട്ടിൽ ഒരുക്കുന്ന കഞ്ഞി തുടങ്ങിയ ഭക്ഷണങ്ങളോടാണ് താത്പര്യം. അതിൽ കൃത്രിമത്വം കുറയുമെന്നാണ് അബ്ദുൾ അസീസ് പറയുന്നത്.
രണ്ടുവർഷംമുന്പാണ് ഭാര്യ സബൂറ മരിച്ചത്. കാസിം ഉൾപ്പെടെ മൂന്നുമക്കൾ. സഫിയ, നഫീസ എന്നിവരാണ് മറ്റു മക്കൾ.