അമ്പതു വര്‍ഷമായി കടത്തിണ്ണയില്‍ താമസിക്കുന്ന ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കാം… ലോകത്ത് സമൃദ്ധി വന്നാലും ദുരിതം വന്നാലും ഇവരുടെ അവസ്ഥ മാറുന്നില്ല.
അതിനാല്‍ തന്നെ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ഇവര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ആരോഗ്യ വകുപ്പിനുണ്ട്.
എന്നാല്‍ ഈ മഹാമാരിയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് അബ്ദുള്‍ ഹക്കിം(70) എന്ന വയോധികന്‍.
ഈ മഹാമാരിയില്‍ നിന്ന് ലോകം രക്ഷപ്പെടാന്‍ പട്ടിണി കിടക്കാനും തനിക്കു മടിയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഹക്കിം. ചാലിശ്ശേരിയിലെ ടൗണിലെ കടത്തിണ്ണയിലാണ് ഇദ്ദേഹം കഴിഞ്ഞ 50 വര്‍ഷവും കഴിച്ചു കൂട്ടിയത്.
കഴിഞ്ഞ ദിവസം നടന്ന ജനത കര്‍ഫ്യൂവില്‍ കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും അടക്കം നാട് നിശ്ചലമായപ്പോള്‍ ഭക്ഷണം മുടങ്ങി. ചാലിശ്ശേരി പൊലീസ് പട്രോളിങ്ങിനിടെയാണു പ്രമേഹ രോഗിയായ വയോധികനെ റോഡരികില്‍ അവശനായി കണ്ടത്.
ചാലിശ്ശേരി എസ്‌ഐ അനില്‍ മാത്യു, ബീറ്റ് ഓഫിസര്‍മാരായ രതീഷ്, ശ്രീകുമാര്‍, സിസിപിഒ സുരേഷ്, സിപിഒ അഷറഫ് എന്നിവര്‍ ചേര്‍ന്നു പൊലീസ് മെസില്‍നിന്നു ഭക്ഷണം എത്തിച്ചു നല്‍കി.
1971ലാണു ചെന്നൈയില്‍നിന്ന് ഇദ്ദേഹം ചാലിശ്ശേരിയില്‍ എത്തിയത്. യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണു ജീവിതം മുമ്പോട്ടു തള്ളിനീക്കുന്നത്.
ആഴ്ചയില്‍ ഒരിക്കല്‍ ചാലിശ്ശേരി അങ്ങാടി, പെരിങ്ങോട്, മതുപ്പുള്ളി എന്നിവിടങ്ങളിലെ വീടുകളില്‍ എത്തും. സമീപകാലംവരെ കൂടെയുണ്ടായിരുന്ന സ്ത്രീ രോഗബാധിത ആയപ്പോള്‍ നാടായ ഡിണ്ടിഗലിലേക്കു മടങ്ങിയതോടെയാണ് ഇദ്ദേഹം തെരുവില്‍ ഒറ്റയ്ക്കായത്.
കഴിഞ്ഞ മൂന്നു മാസമായി ആരോഗ്യാവസ്ഥ വളരെ പരിതാപകരമാണ്. അതിനാല്‍ തന്നെ എങ്ങോട്ടും സഞ്ചരിക്കാന്‍ ഇദ്ദേഹത്തിനാവില്ല.
രോഗികള്‍ക്കുള്ള പെന്‍ഷന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലുള്ള തകരാറു മൂലം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ഹക്കിം പറയുന്നു. ആരോഗ്യവും നശിച്ചതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ഹക്കിമിന്റെ മുമ്പിലുള്ളത്.