കൊച്ചി: നേതാക്കളുടെയും സ്ഥാനാർഥികളുടെയും ഘോരഘോര പ്രസംഗങ്ങൾ കേട്ടിരിക്കാൻ ഇപ്പോൾ പഴയതുപോലെ ആളെ കിട്ടില്ല. പകരം സ്ഥാനാർഥിയെയും പാർട്ടിയെയും വർണിച്ച് ഉച്ചത്തിൽ ഒരു പാരഡി ഗാനം വച്ചുകൊടുത്താൽ കേൾക്കാനും താളം പിടിക്കാനും ആളുണ്ടാകും. വോട്ടർമാർക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസിലാകുകയും ചെയ്യും.
ലോക്സഭാ തെരഞ്ഞടുപ്പിൽ അത്തരം പാട്ടുകൾ തയാറാക്കുന്ന തിരക്കിലാണ് കാക്കനാട് സ്വദേശി അബ്ദുൾ ഖാദർ. വോട്ടു പിടിക്കാൻ നൂറു കവലപ്രസംഗങ്ങൾക്കു പകരം ഒരു പാരഡി പാട്ട് മതിയാവുമെന്നാണ് അബ്ദുൾ ഖാദറിന്റെ പക്ഷം. സോഷ്യൽ മീഡിയയുടെ കാലത്തും പാരഡി പാട്ടിന്റെ പ്രാധാന്യം കുറയുന്നില്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനു പാരഡിഗാനങ്ങൾ ആവശ്യപ്പെട്ടു നിരവധി വിളികളെത്തിയത് അതിനു തെളിവാണെന്നും അബ്ദുൾ ഖാദർ ചൂണ്ടിക്കാട്ടുന്നു.
നോട്ടു നിരോധനം, റാഫേൽ അഴിമതി ഉൾപ്പെടെ ബിജെപി സർക്കാരിന്റെ വീഴ്ചകൾ ആധാരാമാക്കിയാണ് യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾക്കായുള്ള പാട്ടുകൾ തയാറാക്കുന്നത്. അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഇവർക്കുള്ള വരികളിൽ യാഥാവിധം നിറയും. ബിജെപി സ്ഥാനാർഥികൾക്കും അണിയറയിൽ പാട്ടൊരുങ്ങുന്നുണ്ട്.
സ്വന്തമായി മ്യൂസിക് കന്പനിയുള്ള അബ്ദുൾ ഖാദർ രണ്ടു പതിറ്റാണ്ടായി ഈ മേഖലയിലാണു പ്രവർത്തനം. എറണാകുളം, ചാലക്കുടി, കോട്ടയം മണ്ഡലങ്ങൾക്ക് പുറമെ മലബാർ ഭാഗത്തുനിന്നും ലക്ഷദ്വീപിൽനിന്നും പാരഡിയൊരുക്കാനുള്ള ബുക്കിംഗ് ലഭിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. സംസാരഭാഷയിൽ വ്യത്യാസമുണ്ടെങ്കിലും ലക്ഷദ്വീപിലെ സ്ഥാനാർഥികൾക്കും മലയാളത്തിലാണു പാട്ടൊരുങ്ങുന്നത്. മാപ്പിളപ്പാട്ട് ശൈലിയിലാണ് അധികവും.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിജയാഹ്ലാദത്തിനായും പാരഡി പാട്ടുണ്ടാക്കും. പുത്തൻ ഈണങ്ങളാണ് പാരഡിക്കായി കൂടുതലും ഉപയോഗിക്കുക. എങ്കിലും പഴയകാലത്തെ ഹിറ്റ് ഗാനങ്ങൾക്കും മാപ്പിളപ്പാട്ടുകൾക്കുമാണ് ഇപ്പോഴും ഡിമാൻഡ്. സിനിമയിൽ ഹിറ്റ് പാട്ടുകൾ കുറയുന്നത് പാരഡി പാട്ടെഴുത്തുകാർക്കു പ്രയാസമുണ്ടാക്കുന്നതായും അബ്ദുൾ ഖാദർ പറയുന്നു.
ജെറി എം. തോമസ്