ഹരിവരാസനം കേട്ടുറങ്ങുന്ന ശബരിമല ശാസ്താവിനു പട്ടുമെത്ത തയാറാക്കി അബ്ദുൾ ഖാദർ. ശബരിമല ശാസ്താവും വാവരും തമ്മിലുള്ള ഊഷ്മളബന്ധത്തെക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചുങ്കം വാരിശേരി അന്താറത്തറ അബ്ദുൾ ഖാദറിന്റെ പട്ടുമെത്ത. വർഷങ്ങളായി അയ്യപ്പൻ ഉറങ്ങുന്ന മെത്ത തയാറാക്കുന്നത് ഖാദർ തന്നെയാണ്.
എഴുപതു വർഷമായി ചന്തയിൽ മെത്തക്കടയുള്ള ഖാദറിന്റെ പിതാവ് എ.കെ. മുഹമ്മദാലിയാണ് ആദ്യവർഷങ്ങളിൽ മെത്ത നൽകിയിരുന്നത്. അതിനിടിയിൽ ഒരു വർഷം പട്ടുമെത്ത തയാറാക്കിയത് ഖാദറായിരുന്നു.
ഇതുവരെ ശബരിമലയിൽ ദർശനം നടത്താതെ വിഗ്രഹം കാണാതെയുമാണു പട്ടുമെത്ത തയാറാക്കിയത്. അന്നുവരെ നിർമിച്ചു നൽകിയതിൽ അയ്യപ്പ വിഗ്രഹത്തിന്റെ അളവുമായി ഏറ്റവും യോജിച്ച മെത്തയായിരുന്നു ഖാദറിന്റേത്. പിന്നീട് മെത്ത നിർമാണം ഖാദറിന്റെ കൈകളിലെത്തി.
നാടൻ പഞ്ഞിയും കോട്ടൻ തുണിയും ഉപയോഗിച്ചാണു മെത്തയുടെ നിർമാണം. ശബരിമല ശാസ്താവിന്റെ ഉത്സവാചാരത്തിന്റെ ഭാഗമായാണു പട്ടുമെത്ത സമർപ്പണം. ഉത്സവത്തിന്റെ ഒമ്പതാം നാളായ 24നു രാത്രി 10ന് ശരംകുത്തിയിൽ പ്രതീകാത്മക വനത്തിലാണ് പള്ളിവേട്ട.
വേട്ട കഴിഞ്ഞ് അശുദ്ധിയാവുന്നതിനാൽ ശ്രീകോവിലിന്റെ പുറത്തെ മണ്ഡപത്തിലാണ് പള്ളിയുറക്കം. അതിനാണു പട്ടുമെത്ത ഉപയോഗിക്കുന്നത്. ഇന്നലെ കൊട്ടാരക്കര സ്വദേശി സജി പട്ടുമെത്ത ശബരിമല ശാസ്താവിനു സമർപ്പിച്ചു. പതിനാറു വർഷമായി സജിയാണു വഴിപാടായി പട്ടുമെത്ത സമർപ്പിക്കുന്നത്.
സ്വന്തം ലേഖിക