കോഴിക്കോട്: സ്വയംപര്യാപ്തത കോവിഡിന്റെ പാഠമാകണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം സാർഥകമാക്കിയിരിക്കുകയാണ് കോഴിക്കോട് മുക്കം സ്വദേശി യു.പി. അബ്ദുൾ മജീദ്. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്തു നിന്ന വിരമിച്ച അദ്ദേഹം നിർമിച്ചത് ഒരു മാതൃകാ കൃഷിത്തോട്ടമാണ്.
പച്ചക്കറി മാത്രമല്ല പഴങ്ങൾ, ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എല്ലാമുണ്ട് കൃഷിയിടത്തിൽ . പാലും, മീനും, ഗ്യാസും, മാത്രമല്ല വൈദ്യുതിയുമുണ്ട് ഇദ്ദേഹത്തിന്റെ സ്വാശ്രയ ലിസ്റ്റിൽ. ചെടിച്ചട്ടികളിൽ തക്കാളി പച്ചയും ചുവപ്പും നിറമണിയുന്നു.
കാള കൊമ്പൻ, ചെമ്പൻ, നാടൻ വെണ്ടകൾ ഫലസമൃദ്ധമായുണ്ട് മുറ്റത്തിന്റെ ഓരത്ത്. വിവിധ നിറങ്ങളിൽ ആറിനം ചീരകൾ, പച്ചമുളക്, വഴുതന, പയർ, അമര എന്നിവ ഹരിതകാന്തി അണിഞ്ഞു നില്കുന്നു. കയ്പയും വെള്ളരിയും ഇളവനും മത്തനും മാത്രമല്ല ഔഷധ സസ്യങ്ങളുമുണ്ട് തൊടിയിൽ.
വാഴത്തോട്ടത്തിലുണ്ട് വിവിധ ഇനങ്ങളിലായി ഇരുനൂറോളം വാഴകൾ. കുലച്ചതും കുലയ്ക്കാറായതും. ചക്കയും, മാങ്ങയും, ബട്ടർഫ്രൂട്ടും, പാഷൻ ഫ്രൂട്ടുമുണ്ട് തൊടിയിൽ. കിഴങ്ങുഗ്രാമം പദ്ധതിയിൽ ലഭിച്ച ചേമ്പും കാച്ചിലും കൂർക്കയും വിളവെടുത്തു സൂക്ഷിച്ചത് കോവിഡ് കാലം ഭക്ഷ്യസമൃദ്ധമാക്കി.
മുക്കം കൃഷിഭവനിൽ നിന്ന് ലഭിച്ച ഉമ നെൽവിത്ത് കരനെൽ കൃഷിക്ക് പ്രചോദനമായി. കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്നു കൊണ്ടുവന്ന ചോളം നല്കിയത് 100 മേനി വിളവ്. രണ്ടുവർഷം മുമ്പാരംഭിച്ച മത്സ്യകൃഷി കോവിഡ് കാലത്ത് ഏറെ ഉപകരിച്ചു.
25,000 ലിറ്റർ വെള്ളം സംഭരിച്ചാണ് മത്സ്യകൃഷി. എഴുനൂറോളം മത്സ്യങ്ങളുണ്ട് നിലവിൽ. പശുവളർത്തൽ പാലിനൊപ്പം ബയോഗ്യാസ് പ്ലാന്റിനും സഹായിക്കുന്നു. ചാണകത്തിനും വീട്ടുമാലിന്യങ്ങൾക്കുമായി രണ്ട് ബയോഗ്യാസ് പ്ലാന്റുമുണ്ട്.
ഏഴു വർഷമായി ഗാർഹികോപയോഗത്തിനുണ്ട് സോളാർ വൈദ്യുതി. കുളിമുറിജലം സോപ്പിന്റെ അംശം മാറ്റി കൃഷിക്ക് ഉപയോഗിക്കാൻ ശ്രമം പുരോഗമിക്കുന്നു.ഏതു വേനലിലും ജലസമൃദ്ധി ഉറപ്പിക്കാൻ കിണർ റിചാർജിംഗ് പദ്ധതിയും പുരോഗമിക്കുന്നുണ്ട്.