കോതമംഗലം: നീതി ലഭിക്കണം എന്ന ആവശ്യവുമായി യാക്കോബായ സഭയുടെ നേതൃത്വത്തിൽ മതമൈത്രി സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരത്തിൽ മുസ്ലിം ലീഗ് ഒറ്റക്കെട്ടായി യാക്കോബായ സഭയ്ക്ക് ഒപ്പമുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് പറഞ്ഞു. സമരം വിജയിപ്പിക്കാനും പള്ളി സംരക്ഷിക്കാനും ചെറുത്തുനിൽപ്പും പ്രതിരോധവും ആവശ്യമായി വരാം.
മതസൗഹാർദത്തോടെ കഴിയുന്ന ഒരു ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന ഭരണകർത്താക്കൾ ഉള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ചെറിയപള്ളി സംരക്ഷിക്കാൻ മതമൈത്രി സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 47-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
മുനിസിപ്പൽ പൊതുമരാമത്തു സ്ഥിരം സമിതി ചെയർമാൻ സലിം ചെറിയാൻ അധ്യക്ഷത വഹിച്ചു. ജോർജ് അമ്പാട്ട്, ജോർജ് എടപ്പാറ, പ്രഫ. എ.പി. എൽദോ, ഹരി വൃന്ദാവൻ, സിന്ധു ജിജോ, എ.ജി. ജോർജ്, പി.ടി. ജോണി, ബാബുപോൾ, അഷറഫ് വട്ടകുടി, മൈതീൻ മുഹമ്മദ്, ഫാ. എൽദോ ജേക്കബ് തുരുത്തേൽ, ഫാ. എൽദോ തേലപ്പിള്ളി, ഫാ. ഏലിയാസ് കാവുംപാക്കൽ, എന്നിവർ പ്രസംഗിച്ചു. കോതമംഗലം മുനിസിപ്പൽ പൊതുമരാമത്ത് സ്ഥിരം സമിതിയും ക്രാരിയേലിൽ, കാരിമറ്റം, അകപ്പറമ്പ്, മണ്ണൂർ എന്നീ പള്ളികളുടെയും നേതൃത്വത്തിലായിരുന്നു ഇന്നലെ റിലേ സത്യാഗ്രഹം നടന്നത്.