കെ.പി.രാജീവന്
തളിപ്പറമ്പ്: തെങ്ങിലും കവുങ്ങിലും കയറും നന്നായി പാചകം ചെയ്യും മാജിക് പ്രദര്ശിപ്പിക്കലും പരിശീലനവും നല്‍കും പുരുഷന്മാരെ തയ്യൽ പഠിപ്പിക്കും, മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യും ഇതുകൂടാതെ എല്ലാറ്റിലും സമയക്രമവും പാലിക്കും. ഇത് എം.അബ്ദുള്നാസറെന്ന നാട്ടുകാരുടെ നാസര്‍ മാഷ്. ആറ് വയസില്‍ ഒന്നാംക്ലാസില്‍ തുടങ്ങിയ പഠനം 57-ാം വയസിലും വ്യത്യസ്ത മേഖലകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
മരണം വരെ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കണമെന്ന ആഗ്രഹത്തിലാണ് ഇദ്ദേഹം. ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകണമെന്ന് വിശ്വസിക്കുന്ന നാസര്‍മാഷ് പത്തിനം സേവനങ്ങള്‍ ചെയ്തുകൊടുക്കാനായുള്ള ടെന്‍-ഇന്‍ വണ്‍-സേവനകേന്ദ്രം ആരംഭിക്കുകയാണ്. പുതുവര്‍ഷത്തില്‍ പത്തുപേര്‍ ചേര്‍ന്ന് ഇത് ഉദ്ഘാടനം ചെയ്യും. അതുതന്നെ ഉദ്ഘാടകരുടെ സമയമനുസരിച്ചാക്കി അവിടെയും മാഷ് വ്യത്യസ്തനാകുന്നു. പത്ത് ഉദ്ഘാടകര്ക്കും അവര്‍ക്കിഷ്ടമുള്ള സമയത്തുവന്ന് അവരവരുടെ പേരെഴുതിവച്ചതിന് മുകളിലെ തുണി നീക്കി ഉദ്ഘാടനം നിര്‍വഹിക്കാം.
മലപ്പുറം ജില്ലയിലെ വാഴയൂരില്‍നിന്ന് 1987 ലാണ് ഇദ്ദേഹം പരിയാരം ഓണപ്പറമ്പ് സ്കൂളിലെ അറബിക് അധ്യാപകനായി എത്തിയത്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ സ്വന്തം വസ്ത്രം കഴുകാനും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കാനും ശുഷ്കാന്തി പുലര്‍ത്തിയ ഇദ്ദേഹം ഇപ്പോഴും അത് തുടരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ തന്നെ നരിക്കോട് ഗവ.എല്‍പി സ്കൂള്‍ അധ്യാപികയായ ഭാര്യ സഫിയയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം അടുക്കളജോലിയും പങ്കുവച്ചിരിക്കുന്നു.
രാവിലെ ഭാര്യയും രാത്രി നാസര്മാഷുമാണ് അടുക്കള ഭരിക്കുക. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ചുമതല ലഭിച്ചതോടെയാണ് ജീവിതത്തിന് മൂല്യങ്ങളുടെ തിളക്കം കൈവന്നതെന്ന് മാഷ് പറയുന്നു. സ്കൂളില്‍ എന്നും സമയത്തിന്റെ കൃത്യനിഷ്ഠ പുലര്‍ത്തിയ മാഷ് രണ്ടുതവണ ഏതാനും മിനിറ്റുകള്‍ വൈകിയതിന് ലീവപേക്ഷ നല്‍കിയശേഷം ക്ലാസെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്റെ വിദ്യാര്‍ഥികളും സമയക്രമം പാലിക്കുന്നതില്‍ ഇദ്ദേഹം നിര്‍ബന്ധം പുലര്‍ത്തുന്നു.
ക്ലാസ് ആസ്വാദ്യകരമാക്കാനാണ് ക്ലാസിനിടയില്‍ കുട്ടികള്‍ക്ക് മുന്നില്‍ മാജിക് പ്രദര്‍ശിപ്പിക്കാനായി മാജിക്കും പഠിച്ചെടുത്തത്. മാഷുടെ മാജിക് പ്രദര്‍ശനം 25ന് ഭാര്യയുടെ ജന്മനാടായ വലിയപറമ്പില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ വിരമിച്ചതിന് ശേഷം സ്പോക്കണ് ഇംഗ്ലീഷ്, മൊബൈല്‍ഫോണ്‍ റിപ്പേറിംഗ് എന്നിവയില്‍ പരിശീലനം പൂര്‍ത്തിയാക്കി. കൗണ്‍സലിംഗ്, സ്പോക്കണ് അറബിക്, ഇംഗ്ലീഷ്-മലയാളം-ഹിന്ദി എന്നീ ഭാഷകളില്‍ 10 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളുടെ കൈയക്ഷരം നന്നാക്കല്‍, ഖുര്‍ആന്‍ പാരായണ പരിശീലനം എന്നീ മേഖലയിലാണ് സേവനം നല്‍കുക.
ഒരുകാര്യവും പറ്റില്ലെന്ന് പറയില്ലെങ്കിലും മാഷ് ഏത് കാര്യങ്ങളിലും തനിക്കാവുന്നതുപോലെ ഭാഗഭാക്കാവാന്‍ മടികാണിക്കാറുമില്ല. ഇപ്പോഴും കാലില്‍ തളയിട്ട് തെങ്ങിലും കവുങ്ങിലും കയറുന്ന ഇദ്ദേഹം മികച്ച ജൈവകര്ഷകന് കൂടിയാണ്. 24 മണിക്കൂറില്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യം കൃത്യമായി തയറാക്കിയ നാസര്‍മാഷ് മനുഷ്യന് സാധിക്കാത്തതായി ലോകത്ത് ഒന്നുമില്ലെന്ന വിശ്വാസക്കാരനാണ്. പക്ഷെ, മനസിനെ മടി ബാധിക്കാതിരിക്കണമെന്ന് അദ്ദേഹം അടിവരയിടുന്നു.