കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം അടുത്തുവരുന്നു. മോചനത്തിനായുള്ള ദയാധനം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനു കൈമാറി.
വ്യാഴാഴ്ച ഉച്ചയോടെയാണ് അബ്ദുള്‍റഹിം നിയമസഹായ സമിതിട്രസ്റ്റ് ഭാരവാഹികള്‍ 34.35 കോടി രൂപ കൈമാറിയത്. ഫണ്ട് കൈമാറനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച വൈകിട്ടാണ് റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദിഖ് തുവ്വൂരിനു ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സത്യവാങ്മൂലം റഹീമിന്റെ കുടുംബം രാവിലെ എംബസിയില്‍ എത്തിച്ചിരുന്നു.
റിയാദിലെ കോടതി നിർദേശിക്കുന്നതു പ്രകാരം ഇന്ത്യൻ എംബസി തുക ബന്ധപ്പെട്ടവർക്കു കൈമാറും. പണം വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയതിനാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് റിയാദ് ഗവർണറേറ്റിനു കൈമാറും.
ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പുവയ്ക്കും. കൊല്ലപ്പെട്ട സൗദി പൗരന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ പവർഓഫ് അറ്റോർണിയുള്ള അഭിഭാഷകനോ ഗവർണർക്ക് മുന്നിൽ ഹാജരാകും. ഒപ്പം അബ്ദുൾ റഹീമിന്റെ അഭിഭാഷകനും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പും വയ്ക്കും. പിന്നീട് കരാർ രേഖകൾ കോടതിയിൽ സമർപ്പിക്കും.
കോടതി രേഖകൾ പരിശോധിച്ച് അന്തിമ വിധി പുറപ്പെടുവിച്ചാൽ മോചനം സാധ്യമാകും. വാദി ഭാഗം അഭിഭാഷകൻ അഭിഭാഷക കമ്മീഷൻ ഫീസായി ആവശ്യപ്പെട്ട ഒന്നരക്കോടിയോളം രൂപയും ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിനു കൈമാറിയിട്ടുണ്ടെന്ന് ജനറൽ കണ്‍വീനർ കെ.കെ. ആലിക്കുട്ടി പറഞ്ഞു.
വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീം 18 വർഷമായി സൗദി അറേബ്യയിലെ ജയിലിലാണ്. സൗദി പൗരന്റെ വീട്ടിലെ ചലനശേഷിയില്ലാത്ത കുട്ടിയെ പരിചരിക്കലായിരുന്നു അബ്ദുൾ റഹീമിന്റെ ജോലി. ജോലിക്കിടെ അബദ്ധത്തിൽ അബ്ദുൾ റഹീമിന്റെ കൈ തട്ടി ജീവൻ രക്ഷാ ഉപകരണത്തിന്റെ പ്രവർത്തനം നിലച്ച് കുട്ടിയുടെ മരണം സംഭവിച്ചതിനെത്തുടർന്നാണ് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചത്.