കോഴിക്കോട്: 18 വര്‍ഷത്തിനുശേഷം മകനെ കണ്ട സന്തോഷത്തില്‍ ഫാത്തിമ. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലിലെത്തി കണ്ട സന്തോഷത്തിലാണ് റഹീമിന്റെ ഉമ്മ ഫാത്തിമ. നവംബര്‍ 17ന് മോചന ഉത്തരവ് വരുന്നതുവരെ റിയാദില്‍ തുടരാനാണ് നിലവില്‍ ഉമ്മയും ബന്ധുക്കളും തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം മകനെ കണ്ടുവെന്നും ഒന്നിച്ചു ചായ കുടിച്ചെന്നും ഫാത്തിമ പ്രതികരിച്ചു.
നേരത്തെ കാണാൻ വിസമ്മതിച്ച റഹീം പിന്നീട് കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. മകന് തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളത്. കൂടിക്കാഴ്ചയില്‍ മകന് ഏറെ വികാരഭരിതനായിരുന്നുവെന്നും ഫാത്തിമ പ്രതികരിച്ചു. റിയാദിലെ ജയിലിലെത്തിയാണ് ഉമ്മയും സഹോദരനും അമ്മാവനും ഉൾപ്പെട്ട സംഘം റഹീമിനെ കണ്ടത്.
ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ഇന്ത്യൻ എംബസിയിലും റഹീമിന്റെ ഉമ്മ എത്തിയിരുന്നു.നേരത്തെ ജയിലിലെത്തി ആരും തന്നെ കാണേണ്ടതില്ലെന്നായിരുന്നു റഹീമിന്റെ നിലപാട്. പിന്നീടു പല തലത്തിലുണ്ടായ ഇടപെടലിന് ശേഷമാണ് കൂടിക്കാഴ്ച നടന്നത്.
ഉമ്മ വന്നെന്ന് പറഞ്ഞപ്പോള്‍ രക്തസമ്മര്ദംകൂടിയെന്ന റഹിം സുഹൃത്തുക്കളോടു പഞ്ഞിരുന്നു.ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ റഹീം കണ്ടിരുന്നില്ല. ഉമ്മയെ ജയിലിൽവച്ച് കാണാൻ മനസ് അനുവദിക്കാത്തതു കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്നു പ്രതികരിച്ചത്.
നാട്ടില്‍ ഡ്രൈവറായിരുന്ന റഹീം 2006ലാണ് സൗദിയില്‍ ജോലിക്ക് എത്തിയത്. സ്പേണ്സറായ സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകന് മരിച്ച കേസിലാണ് റഹിം ജയിലിലായത്.