കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. യൂത്ത് ലീഗ് പ്രവർത്തകൻ ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത്.
ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹിയായ കല്ലൂരാവി സ്വദേശി ഔഫ് അബ്ദുല്‍ റഹിമാനാ(32)ണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ തലയ്ക്കു വെട്ടേറ്റ യൂത്ത് ലീഗ് പ്രവര്ത്തകന് ഇര്‍ഷാദി(32)നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഔഫിന്റെ ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷുഹൈബിനും കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ വച്ചായിരുന്നു സംഭവം. ഇരുവരും ബൈക്കിലാണ് സംഭവസ്ഥലത്തെത്തിയത്.
മറ്റൊരു ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഔഫിന്റെ മരണം സംഭവിച്ചിരുന്നു.
സംഭവം നടന്ന പ്രദേശം ലീഗിന്റെ ശക്തികേന്ദ്രമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പഴയ കടപ്പുറത്തെ കുഞ്ഞബ്ദുള്ള മുസലിയാരുടെയും ആയിഷയുടെയും മകനാണ് ഔഫ് അബ്ദുല്‍ റഹിമാന്‍. ഭാര്യ: ഷാഹിന. സഹോദരി: ജുവൈരിയ.
നഗരസഭയുടെ തീരദേശത്തെ ലീഗിന്റെ പഴയ ശക്തികേന്ദ്രങ്ങളില്‍ ഇത്തവണ പതിവിലും കവിഞ്ഞ വാശിയോടെയായിരുന്നു തെരഞ്ഞെടുപ്പ് പോരാട്ടം നടന്നത്.
കഴിഞ്ഞതവണ കൈവിട്ടുപോയ ഈ മേഖലയിലെ ഏതാനും വാര്‍ഡുകള്‍ തിരിച്ചുപിടിച്ച് നഗരസഭാ ഭരണം വീണ്ടെടുക്കാനായി യുഡിഎഫും ഭരണം നിലനിര്‍ത്തുന്നതിനായി എല്‍ഡിഎഫും കടുത്ത പോരാട്ടത്തിലായിരുന്നു.
കല്ലൂരാവി പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡുകള്‍ ലീഗിന് തിരിച്ചുപിടിക്കാനായെങ്കിലും തൊട്ടടുത്ത വാര്‍ഡുകളില്‍ അട്ടിമറി വിജയം നേടിയ എല്‍ഡിഎഫ് നഗരസഭാ ഭരണം നിലനിര്‍ത്തി. ഇതിനു പിന്നാലെയാണ് സംഘര്‍ഷാവസ്ഥ വ്യാപിച്ചത്.
എല്‍ഡിഎഫിന് വോട്ട് മറിച്ചെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകനായ നിസാറിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. നിസാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 9 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രചാരണത്തിനിടെ സിപിഎം ശക്തികേന്ദ്രത്തില്‍ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് തലയ്ക്കടിയേറ്റ സംഭവവും ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ പ്രതികളായിരുന്നു. ഈ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തുകയും ചെയ്തു.