ഇസ്ലാമാബാദ്: ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പന്തുകളെ താൻ ഭയക്കുന്നില്ലെന്നു രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച പാക്കിസ്ഥാൻ താരം അബ്ദുൽ റസാഖ്. വസിം അക്രം, ഗ്ലെൻ മഗ്രാത്ത് തുടങ്ങിയ വന്പൻമാർക്കൊപ്പം കളിച്ചിട്ടുള്ള തനിക്ക് ബുംറയുടെ പന്തുകൾ ഒരു വിഷയമേ അല്ലെന്നും റസാഖ് അവകാശപ്പെട്ടു.
താൻ കളിച്ചിരുന്ന കാലത്തു ഗ്ലെൻ മഗ്രാത്ത്, വസിം അക്രം തുടങ്ങിയ ലോകോത്തര ബോളർമാരെയാണു നേരിട്ടിരുന്നത്. ആ സ്ഥിതിക്കു ബുംറയുടെയൊക്കെ പന്തുകൾ ഒരു വെല്ലുവിളിയേ അല്ല. തനിക്കെതിരെ പന്തെറിയുന്പോൾ സമ്മർദ്ദം ബുംറയ്ക്കു തന്നെയായിരിക്കും.
തന്നെ സംബന്ധിച്ചു ബുംറ വെറും ശിശുവാണ്. ബുംറയുടെ പന്തുകൾ അനായാസം അടിച്ചകറ്റാനും അദ്ദേഹത്തിനു മേൽ ആധിപത്യം സ്ഥാപിക്കാനും തനിക്കു നിഷ്പ്രയാസം കഴിയുമായിരുന്നെന്നും റസാഖ് ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടു.
പരിക്കിനെ തുടർന്നു ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന ബുംറ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഇപ്പോഴും ഒന്നാമനാണ്. ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ അഞ്ചാമതുണ്ട്.