കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികൾക്കുവേണ്ടി മയക്ക് മരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ പിടിയിലായി.
ആലുവ ചുണങ്ങംവേലി സ്വദേശി ഒസാരി ഹൗസിൽ അബ്ദുൾ റഷീദ് (34) നെയാണ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്. ഉപഭോക്താക്കൾക്കിടയിൽ ഫ്രഞ്ച് ഫ്രൈയ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 105 എണ്ണം ഡയസെപാം ഐപി മയക്കുമരുന്ന് ഗുളികകളാണു ഇയാളുടെ പക്കൽനിന്നു പിടിച്ചെടുത്തത്.
റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഏജന്റിന് മയക്ക് മരുന്ന് കൈമാറുവാൻ ആലുവയ്ക്കടുത്ത് ചൂണ്ടിയിൽ നിൽക്കുന്പോഴാണ് ഇയാൾ ഷാഡോ സംഘത്തിന്റെ വലയിലാകുന്നത്. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്രയേറെ ഡയസെപാം മയക്ക് മരുന്നുകൾ പിടിച്ചെടുക്കുന്നത്. മെഡിക്കൽ നടപടിക്രമങ്ങൾക്ക് മുൻപ് മയക്കം നൽകുന്നതിനും അമിതമായ ഭയം, ഉത്കണ്ഠ പോലുള്ള മാനസിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായും നൽകുന്നവയാണ് ഇവ.
ആലുവയിൽ തന്പടിച്ചിരിക്കുന്ന മയക്ക് മരുന്ന് മാഫിയയുടെ വേരറുക്കുക എന്ന ഉദ്യേശത്തോടെ ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലൻ രൂപപ്പെടുത്തിയ ഓപ്പറേഷൻ മണ്സൂണ് ഓപ്പറേഷന്റെ ഭാഗമായി ഷാഡോ സംഘം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണു പ്രതി പിടിയിലാകുന്നത്. അതീവ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികളിൽ മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് നേരത്തേ തന്നെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഇതേത്തുടർന്നു നടന്ന അന്വേഷണത്തിലാണു മയക്കുമരുന്നുമായി അബ്ദുൾ റഷീദ് പിടിയിലാകുന്നത്.
ഇയാളുടെ സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ ഒരു വിദേശിയിൽനിന്നാണ് ഇയാൾ മയക്ക് മരുന്ന് വാങ്ങി കേരളത്തിലേയ്ക്ക് എത്തിക്കുന്നതെന്ന വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുകയാണെന്ന് അധികൃതർ അറിയിച്ചു. റേവ് പാർട്ടികളിൽ പങ്കെടുക്കാൻ എത്തുന്ന ന്യൂജൻ തലമുറയ്ക്ക് ബെൻസോഡിയാസൈപൈൻ എന്നറിയപ്പെടുന്ന ഡയസെപാം ഐപി മയക്ക് മരുന്നിനോടാണ് ഏറെ പ്രിയമെന്നും കഞ്ചാവ് പോലുള്ളവ ഇത്തരം പാർട്ടികളിൽ ആരും തന്നെ ഉപയോഗിക്കാറില്ലെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഏഴ് ബ്യൂപ്രിനോർഫിൻ ആംപ്യൂളുമായി നെടുന്പാശേരി സ്വദേശിയായ യുവാവിനെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിയാദ്, നീതു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.