കോഴിക്കോട്: കട്ടന്‍ കാപ്പി സ്പെഷലാക്കിയ കടയാണ് ബീച്ചില്‍ കസ്റ്റംസ്റോഡിലെ അബ്ദുൾ സലാമിന്റെ ചായക്കട. ചായയ്ക്ക് പകരം കട്ടന്‍ കാപ്പിയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടത്തെ കട്ടന്‍ കാപ്പി പ്രസിദ്ധമായതിനാല് കാപ്പിപ്പീടിക എന്നാണ് പഴമക്കാര്‍ കടയെ വിളിച്ചിരുന്നത്.
തലമുറകൾക്ക് കാപ്പിയും പലഹാരവും കുറഞ്ഞവിലക്ക് നൽകിവന്ന കപ്പിപ്പീടികയിൽ നവീകരിച്ചപ്പോഴും വില പഴയത് തന്നെ. കാപ്പിക്കും പലഹാരത്തിനും കൂടി പത്ത് രൂപമാത്രം. കസ്റ്റംസ്റോഡിൽ ജോസഫ്റോഡ് ജംഗ്ഷനിലാണ് കട. അഞ്ച് രൂപക്ക് കാപ്പിയും അഞ്ച് രൂപയ്ക്ക് പലഹാരവും ഇവിടെ നിന്ന് ലഭിക്കും. വർഷങ്ങളായി ഇവിടെ ലഭിക്കുന്ന മധുരമില്ലാത്ത മടക്ക് എന്ന പലഹാരം ഇവരുടെ പ്രധാനവിഭവമാണ്. മുന്‍പ് ഒരു രൂപയ്ക്ക് കാപ്പിയും മടക്കും ലഭിക്കുമായിരുന്നു. ഇപ്പോൾ അഞ്ച് രൂപമാത്രം.
നഗരത്തിൽ പത്തു രൂപയ്ക്ക് ചായ ലഭിക്കാത്തപ്പോഴാണ് ഇവിടെ വിലകുറച്ച് വിൽകുന്നത്. ഇപ്പോൾ ആധുനിക ബേക്കറിയുടെ രൂപത്തിലേക്ക് മാറി നവീകരിച്ചപ്പോഴും വിലവർധനവ് വരുത്താതെ നോക്കാൻ ഉടമ ശ്രദ്ധിക്കുന്നുണ്ട്. പ്രധാന വിഭവമായ മടക്കിനോടൊപ്പം മറ്റ് എണ്ണപ്പലഹാരങ്ങളും ലഭിക്കും.ബോണ്ട, ഉള്ളിവട, കല്ലുമ്മക്കായ പൊരിച്ചത്, നെയ് വട തുടങ്ങി എല്ലാ പലഹാരങ്ങൾക്കും അഞ്ച് രൂപ മാത്രം.
നേരത്തെ കാപ്പിയിൽ ശർക്കരയായിരുന്നു മധുരത്തിന്നായി ചേർത്തിരുന്നത്. ഇപ്പോൾ അത് പഞ്ചസാരയായി എന്ന് മാത്രം. വൈകുന്നേരങ്ങളിൽ പാർസൽ കൊണ്ട് പോകാൻ വരുന്നവരുടെ തിരക്കാണിവിടെ. വീടുകളിൽ പലഹാരം ഉണ്ടാക്കുന്നതിനേക്കാൾ ലാഭമാണ് ഇവിടെ നിന്നും വാങ്ങുന്നതെന്ന് സ്ഥിരമായി വാങ്ങുന്നവർ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിലെ ഹോട്ടലുകളിലേക്ക് ഇവിടെനിന്നും കൊണ്ട് പോയി വില്പന നടത്തുന്നതും പതിവാണ്. ഏതായാലും വിലകുറച്ച് വില്പന നടത്തിയിട്ടും സ്ഥാപനം ലാഭകരമാണെന്ന് സലാം പറയുന്നു.
തയാറാക്കിയത്: പി. ഫിൽഷർ