മലപ്പുറം: മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് മുസ്ലിം ലീഗ് നേതാവ് പി.വി.അബ്്ദുൾ വഹാബ് എംപി നടത്തിയ സർക്കാർ അനുകൂല പ്രസ്താവനക്കെതിരെ ലീഗിൽ അതൃപ്തി വളരുന്നു. നിലന്പൂർ മേഖലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന അബ്്ദുൾ വഹാബിന്റെ അഭിപ്രായത്തിനെതിരെയാണ് വിമർശനമുയരുന്നത്.
വഹാബിന്റെ പ്രസ്താവനയെ പാർട്ടി നേതൃത്വം ഗൗരവമായി കാണണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടതോടെ വഹാബിനെതിരായ നീക്കങ്ങൾ പാർട്ടിയിൽ ശക്തമായി. എന്നാൽ വഹാബിന്റെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് ലീഗിലെ ഒരു വിഭാഗം. പ്രളയബാധിത പ്രദേശമായ നിലന്പൂർ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് അബ്്ദുൾ വഹാബ് എംപി സർക്കാരിനെ പ്രശംസിച്ച് സംസാരിച്ചത്. കഴിഞ്ഞ പ്രളയകാലത്തെ അപേക്ഷിച്ച് ഇത്തവണ സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മന്ത്രി കെ.ടി.ജലീൽ, പി.വി.അൻവർ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അബ്്ദുൾ വഹാബിന്റെ പ്രസംഗം. പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് ലീഗിലെ ഒരു വിഭാഗം വഹാബിനെതിരെ തിരിഞ്ഞത്. മുസ്ലിം ലീഗ് സംസ്ഥാന കൗണ്സിൽ അംഗമായ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതോടെ ഈ വിഷയം പാർട്ടിയിൽ ചർച്ചയായി.
പ്രളയബാധിതർക്ക് സർക്കാർ സഹായമെത്തിക്കുന്നില്ലെന്ന പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് അബ്്ദുൾ വഹാബ് സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമായിട്ടുണ്ട്. അതേസമയം തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തി മാറ്റി സോഷ്യൽ മീഡിയയിലൂടെ ചിലർ വിവാദമുണ്ടാക്കുകയാണെന്ന് അബ്്ദുൾ വഹാബ് പ്രതികരിച്ചു.
തന്റെ പ്രസ്താവന പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അബ്്ദുൾ വഹാബിന്റെ വിശദീകരണം തൃപ്തികരമാണെന്നും ഈ വിഷയം അവസാനിച്ചതായും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യു.എ.ലത്തീഫ് പ്രതികരിച്ചു. എന്നാൽ വഹാബിന്റെ പ്രസ്താവനയെ കുറിച്ച് പാർട്ടി സംസ്ഥാന നേതൃത്വം ചർച്ച ചെയ്യുമെന്നാണറിയുന്നത്.