കോഴിക്കോട്: നെഹ്റു കോളജ് ഗ്രൂപ്പ് ഉടമ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സ്വാശ്രയ കോളജ് ഇന്ന് അടച്ചിടുന്നത് ചിലരുടെ മാത്രം താത്പര്യമാണെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. സംഭവത്തക്കുറിച്ച് അസോസിയേഷൻ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ‘രാഷ്ട്ര ദീപിക’ യോട് പറഞ്ഞു.
കൃഷ്ണദാസിനെതിരെ ഒരു കേസല്ല ഉള്ളത്. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്പോൾ സ്വാശ്രയ മാനേജ്മെന്റ് കുറച്ചു കൂടി ജാഗ്രത പുലർത്തേണ്ടതുണ്ട്. കുറച്ചുപേരുടെമാത്രം തീരുമാനത്തിനുവഴങ്ങി കോളജ് അടച്ചിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഫസൽ ഗഫൂർ പറയുന്നു. പ്രതിഷേധിക്കുന്നതിന് താൻ എതിരല്ല. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെക്കുറിച്ച് കൂടുതൽ പഠനം നടത്തിയതിനുശേഷമായിരുന്നു മാനേജ്മെന്റുകൾ നടപടി സ്വീകരിക്കേണ്ടിയിരുന്നത്.
സംഭവത്തിലെ യാഥാർഥ്യം മനസിലാക്കാനുള്ള സാവകാശം പോലും കാണിക്കാതെ എടുത്തുചാടി സമരം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ വ്യക്തമായ പഠനം ആവശ്യമാണ്. ഇന്ന് കോടതി പരിഗണിക്കുന്ന കേസിൽ കൂടുതൽ വ്യക്തത വന്ന ശേഷം പ്രതികരിക്കുന്നതായിരുന്നു ഉചിതം. വിദ്യാർഥികളുടെ ഭാഗത്ത് തെറ്റുണ്ടോയെന്നും പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ഫസൽ ഗഫൂർ പറഞ്ഞു.