ഗുരുവായൂർ : ഉത്സവ കഞ്ഞിയുടെ മാധുര്യം നുകരാൻ പതിവ് പോലെ കെ.വി.അബ്ദുൾ ഖാദർ എംഎൽഎ എത്തി. ഉത്സവ കഞ്ഞി നൽകുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയ വർഷം മുതൽ അബ്ദുൾ ഖാദർ മുടങ്ങാതെ കഞ്ഞി കുടിക്കാനെത്താറുണ്ട്.ഗുരുവായൂർ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമർശങ്ങൾ വിവാദമായി മാറിയിരുന്നെങ്കിലും ഈ വിവാദങ്ങളൊന്നും ഏശാതെയാണ് കഞ്ഞി കുടിക്കാൻ എംഎൽഎ പ്രസാദ ഉൗട്ട് പന്തലിലെത്തിയത്. ദേവസ്വം ചെയർമാൻ എൻ. പീതാംബര കുറുപ്പ്, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ എന്നിവർ ചേർന്ന് എംഎൽഎയെ സ്വീകരിച്ചു.
എംഎൽഎയും ദേവസ്വം ചെയർമാനും ഒന്നിച്ചിരുന്നാണ് കഞ്ഞി കുടിച്ചത്. ഭരണസമതി അംഗം കെ. കുഞ്ഞുണ്ണി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ·ാരായ സുരേഷ് വാര്യർ, എം. രതി എന്നിവരും എം.എൽ.എക്കൊപ്പം കഞ്ഞി കുടിക്കാനുണ്ടായിരുന്നു. പാള പ്ലേറ്റിലെ കഞ്ഞിയുടെയും മുതിരയും ഇടിച്ചക്കയും ചേർത്ത പുഴുക്കിന്റെയും ഇലക്കീറിൽ വിളന്പിയ തേങ്ങയുടെയും ശർക്കരുടെയും മാധുര്യം നുകർന്നാണ് എം.എൽ.എ പന്തൽ വിട്ടത്. പതിനായിരത്തിലധികം ഭക്തരാണ് ദിവസവും കഞ്ഞികുടിക്കാനെത്തുന്നത്. ആയിരം പേർക്ക് ഒരേ സമയം കഞ്ഞികുടിക്കാൻ പന്തലിൽ സൗകര്യമുണ്ട്. രാവിലെ ഒന്പതിന് ആരംഭിക്കുന്ന പ്രസാദ് ഉൗട്ട് ഉച്ചക്ക് മൂന്ന് വരെ നീളും. നാല് വർഷം മുൻപാണ് ഉത്സവ പ്രസാദ ഉൗട്ട് കൂടുതൽ ജനകീയമാക്കുന്നതിനായി ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയത്.