തളിപ്പറന്പ്: നാലുകൊല്ലം ഇന്ത്യ ഭരിച്ച ബിജെപിയുടെ ഏറ്റവും വലിയ നേട്ടം ഡൽഹി ദീനദയാൽ മാർഗിൽ10,000 കോടി രൂപയ്ക്ക് എട്ടുനില പാർട്ടി ഓഫീസ് ഉണ്ടാക്കിയതാണെന്ന് മുൻ എംഎൽഎ എ.പി.അബ്ദുള്ളക്കുട്ടി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന നവദർശൻ യാത്രയ്ക്ക് തളിപ്പറന്പിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ പാർട്ടി ഓഫീസ് ഉണ്ടാക്കിയെന്ന് അഭിമാനിക്കുന്ന മോദിയും അമിത്ഷായും ഒരു കാര്യം മനസിലാക്കണം. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസ് അറുപത് വർഷം നാട് ഭരിച്ചപ്പോൾ ഉണ്ടാക്കിയത് പാർട്ടി ഓഫീസല്ല ആധുനിക ഇന്ത്യയാണ്. കോൺഗ്രസിന് ഇപ്പോഴും ഡൽഹിയിൽ സ്വന്തമായ ഓഫീസില്ല. 24 അക്ബർ റോഡിലെ ഒരു എംപിയുടെ വസതിയിലാണ് എഐസിസി ഓഫീസ് പ്രവർത്തിക്കുന്നത്.
ഭക്രാനംഗൽ അണക്കെട്ടും കൂടങ്കുളം തെർമൽ പ്ലാന്റും നിർമിക്കാനാണ്. കൃഷിയും വ്യവസായവും വളർത്താനാണ്. ഡൽഹിയിൽ രണ്ടാമത്തെ പഞ്ചനക്ഷത്ര ഓഫീസ് ഉണ്ടാക്കിയ പാർട്ടി സിപിഎമ്മാണ്. മൂന്നു സംസ്ഥാനത്തെ ഭരണംകൊണ്ട് ഗോൾമാർക്കറ്റിൽ സിപിഎം കൂറ്റൻ ഓഫീസുണ്ടാക്കിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
സമാപനസമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷതവഹിച്ചു. കെ.സുരേന്ദ്രൻ, എം.നാരായണൻകുട്ടി, കെ.ബ്രിജേഷ്കുമാർ, നൗഷാദ് ബ്ലാത്തൂർ, റഷീദ് കവ്വായി എന്നിവർ പ്രസംഗിച്ചു.