റെനീഷ് മാത്യു
കണ്ണൂർ: കെപിസിസി മെമ്പർ ആകാത്തതിൽ വിഷമമുണ്ടെന്നും എന്നാൽ കോൺഗ്രസ് വിടില്ലെന്നും എ.പി. അബ്ദുള്ളക്കുട്ടി രാഷ്ട്രദീപികയോട് പറഞ്ഞു. കെപിസിസി മെന്പർ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി കോൺഗ്രസ് വിടാനൊരുങ്ങുന്നതായി ഒരു മാധ്യമത്തിൽ വാർത്ത വന്നിരുന്നു. കൂടാതെ സോഷ്യൽ മീഡിയകളിലും വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇതിനെതിരേ വിശദീകരണവുമായി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
കോൺഗ്രസ് വിടില്ലെന്നും താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും വീഡിയോയിലൂടെ പറയുന്ന അബ്ദുള്ളക്കുട്ടി സിറ്റിംഗ് സീറ്റായ കണ്ണൂരിൽനിന്നു മാറി തലശേരിയിൽ മത്സരിച്ചത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആയതുകൊണ്ടാണെന്നും വിശദീകരിക്കുന്നു.
താൻ കോൺഗ്രസ് വിടുന്നതായുള്ള വാർത്തകണ്ട് പ്രതിപക്ഷനേതാവ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിളിച്ചിരുന്നു. അവരോട് തന്റെ വിഷമം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ അഴീക്കോട് മണ്ഡലത്തിലെ മുഖ്യസംഘാടകനാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
സിപിഎമ്മിൽ നിന്നും വിട്ട് എംപിയായും എംഎൽഎയായും മത്സരിച്ച് കോൺഗ്രസിനു വേണ്ടി മത്സരിച്ച് ജയിച്ച അബ്ദുള്ളക്കുട്ടി ഇപ്പോൾ കോൺഗ്രസിൽ സ്ഥാനമാനങ്ങളൊന്നും ഇല്ലാത്ത സാധാരണ പ്രവർത്തകനാണ്. അബ്ദുള്ളക്കുട്ടിയെ കെപിസിസി മെന്പർ ആക്കാത്തതിൽ ജില്ലയിലെ കോൺഗ്രസിൽ ഒരു വിഭാഗത്തിൽ കടുത്ത പ്രതിഷേധമുണ്ട്.