കണ്ണൂർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് 15 സെന്റ് സ്ഥലവും എംപി പെൻഷനായി ലഭിക്കുന്ന ഒരുമാസത്തെ തുകയും നൽകി എ.പി.അബ്ദുള്ളക്കുട്ടി. പ്രളയദുരിതത്തിൽ അകപ്പെട്ട ആയിരം പേർക്ക് വീട് നിർമിച്ചുനൽകുന്ന കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് സ്വന്തം ഉടമസ്ഥതയിൽ മലപ്പട്ടത്തുള്ള സ്ഥലം നൽകുന്നതിനാണ് അബ്ദുള്ളക്കുട്ടി സന്നദ്ധതയറിയിച്ചത്.
മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു മാസത്തെ പെൻഷനായ 25,700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നു രാവിലെ കണ്ണൂർ ജില്ലാ കളക്ടർ മിർ മുഹമ്മദലിക്ക് കൈമാറുകയും ചെയ്തു.