കോഴിക്കോട്: കോൺഗ്രസ് മുഖപത്രം വീക്ഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.പി.അബ്ദുള്ളക്കുട്ടി. തനിക്കെതിരെ കോൺഗ്രസ് മുഖപത്രത്തിൽ വന്ന ലേഖനം അംഗീകരിക്കാനാവില്ല. ചിലർ വ്യക്തി വിരോധം തീർക്കാൻ ശ്രമിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
അബ്ദുള്ളക്കുട്ടി അധികാരമോഹിയാണെന്നും മഞ്ചേശ്വരം സീറ്റ് കണ്ടാണ് ദാണ്ഡക്കെട്ടുമായി ബിജെപിയിലേക്ക് പോകുന്നതെന്നും വീക്ഷണം കുറ്റപ്പെടുത്തിയിരുന്നു. താൻ കോൺഗ്രസുകാരനാണോ എന്ന് മുല്ലപ്പള്ളിയോട് ചോദിക്കണമെന്നും എ.പി.അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ബിജെപിയിൽ ചേരുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മുതിർന്ന നേതാവ് വി.എം.സുധീരനെതിരെ രൂക്ഷവിമർശനവും അബ്ദുള്ളക്കുട്ടി ഉന്നയിച്ചു. ഉമ്മൻചാണ്ടി സർക്കാരിനെ ഇല്ലാതാക്കിയത് സുധീരനാണ്. രാഷ്ട്രീയത്തിൽ ഒരു ആദർശവും ഇല്ലാത്ത ആളാണ് സുധീരനെന്നും അബ്ദുള്ളക്കുട്ടി വിമർശിച്ചു.
നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ വീക്ഷണം വിമർശിച്ചത്. രാഷ്ട്രീയ അഭയം നൽകിയ കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. ഇത്തരം അഞ്ചാംപത്തികളെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. കോൺഗ്രസിൽ നിന്ന് ബിജെപിക്ക് മംഗളപത്രം രചിക്കുകയാണെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.
മോദിയുടെ വിജയം മഹാവിജയമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.