സ്വന്തം ലേഖകൻ
തൃശൂർ: ആറര പതിറ്റാണ്ടു മുന്പ് കുവൈറ്റിലെത്തിയപ്പോൾ അസബുല്ല ഹാജി ഒരു ചരിത്രത്തിനാണു തുടക്കമിട്ടത്. മുംബൈയിൽനിന്ന് അവിടെയെത്തുവോളം നേരിടേണ്ടിവന്ന കഷ്ടപ്പാടുകൾ കണക്കില്ലാത്തതായിരുന്നു.
കഠിനവഴികൾ താണ്ടി ലക്ഷ്യത്തിലെത്തിയ അദ്ദേഹം അവിടെയെത്തുന്ന പന്ത്രണ്ടാമത്തെ മലയാളിയായി, നാലാമത്തെ തൃശൂർക്കാരനും. അതിനദ്ദേഹത്തെ പ്രാപ്തനാക്കിയതു മനസിലുറപ്പിച്ച കാര്യത്തിൽനിന്നു പിന്നോട്ടില്ല എന്ന നിശ്ചയദാർഢ്യം മാത്രമായിരുന്നു.
കാട്ടൂർ നെടുന്പുര കൊരട്ടിപ്പറന്പിൽ അസബുല്ല ഹാജി വിടപറയുന്പോഴും അദ്ദേഹം തുടക്കമിട്ട ചരിത്രത്തിന്റെയും, മലയാളികൾക്കു പകർന്നുനൽകിയ ആത്മവിശ്വാസത്തിന്റെയും തിളക്കം മായുന്നില്ല.
മുംബൈയിൽ ജോലിചെയ്യുന്ന കാലത്ത് കുവൈറ്റിൽ എണ്ണ കണ്ടെത്തിയെന്ന വാർത്ത അന്ന് ഇരുപതുവയസുള്ള അസബുല്ല അറിഞ്ഞത് കപ്പിത്താനായ ബന്ധു മുഹമ്മദുണ്ണി വഴിയാണ്.
മൂന്നുവർഷംകൂടി കഴിഞ്ഞാണ് അങ്ങോട്ടേക്ക് ഒരു വഴിയുണ്ടെന്നറിഞ്ഞത്. കറാച്ചിയിൽ എത്തിയാൽ കുവൈറ്റിൽ എത്താമെന്നായിരുന്നു ആ കേട്ടറിവ്.
അവിടെയെത്തിയപ്പോഴാണ് അതു വേറെ കുവൈറ്റാണെന്നു മനസിലായത്. കറാച്ചിയിൽനിന്ന് ഇറാക്കിലേക്കു പോയ ഒരു കപ്പലിൽ തുടർയാത്ര.
ഇറാക്കിനടുത്തു ബസ്റ തുറമുഖത്തു കപ്പലിറങ്ങി. കുവൈറ്റിലേക്കു കപ്പൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നടക്കാൻ തീരുമാനിച്ചു. യാത്ര മാസങ്ങൾ നീണ്ടു.
ആട്ടിടയന്മാർക്കും ഗ്രാമീണർക്കും ഒപ്പം താമസം. അവർ നൽകിയ ഭക്ഷണം തുണിയിൽ പൊതിഞ്ഞു കൈയിൽവച്ചു, യാത്രയിൽ കഴിക്കാൻ. കുടിക്കാൻ കിട്ടിയതു ചെളിവെള്ളമാണ്.
ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ ഒരു വഞ്ചിയിൽ കയറിപ്പറ്റി. കടൽയാത്ര ദിവസങ്ങൾ നീണ്ടു. സ്വപ്നതീരത്ത് എത്തിയപ്പോഴാകട്ടെ മുന്നിൽപ്പെട്ടതു പോലീസ്. യാത്രാരേഖകൾ ഇല്ലാതെ അവിടെ തുടരുക സാധ്യമല്ലായിരുന്നു. നിരാശയോടെ ബസ്റയിലേക്കു മടങ്ങേണ്ടിവന്നു.
അസബുല്ല തോൽക്കാൻ ഒരുക്കമല്ലായിരുന്നു. രണ്ടാംതവണയും നടത്തം തുടങ്ങി. തേഞ്ഞു തുളവീഴുകയും വാറുപൊട്ടുകയും ചെയ്ത ചെരിപ്പുപേക്ഷിച്ച് മണലിലൂടെ നടപ്പ്.
ഇടയ്ക്ക് ആടുകളെ കൊണ്ടുപോകുന്ന വാഹനത്തിൽ ഒളിച്ചിരുന്നുള്ള യാത്ര. ഒന്പതാംനാൾ ജഹ്റ അതിർത്തിയിലെത്തി. വെള്ളമായും ഭക്ഷണമായും പലരുടെയും സഹായം കിട്ടിയില്ലായിരുന്നെങ്കിൽ ഇടയ്ക്കു വീണു തീരുമായിരുന്ന യാത്ര 121-ാം ദിനമാണ് ലക്ഷ്യത്തിലെത്തിയത്.
ബന്ധുവായ അബ്ദുള്ളയുടെ അടുത്തെത്തിയതോടെയാണ് ധൈര്യമായത്. ചെറിയ ജോലികളിൽ തുടങ്ങിയ പ്രവാസജീവിതം കഠിന പ്രയത്നത്തിലൂടെ അദ്ദേഹം തെളിമയും ഒൗന്നത്യവുമുള്ളതാക്കി മാറ്റി.
1957ൽ കപ്പലിൽ നാട്ടിലേക്കു തിരികെവന്ന് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൃത്യമാക്കിയാണു പിന്നീടു കുവൈറ്റിലേക്കു മടങ്ങിയത്.
വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനുമായ എം.എ. യൂസഫലിയുടെ പത്നി ഷാബിറയാണ് അസബുല്ലയുടെ മൂത്ത മകൾ. ഷാഹിദ, ഷബീർ എന്നിവർ മറ്റു മക്കൾ.
മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അസബുല്ല ഹാജി.