മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരേ കാടാമ്പുഴ പോലീസ് കേസെടുത്തു.
മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരേയാണ് വാഹനാപകടത്തിന് കേസെടുത്തത്. പൊതുമരാമത്ത് ജോലികൾക്കായി സാധനങ്ങൾ കൊണ്ടു പോകുന്ന കരാർ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്.
മലപ്പുറം സ്വദേശി ശബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മലപ്പുറം രണ്ടത്താണിയിൽ വച്ച് ഇന്നലെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
രണ്ടത്താണിയെത്തിയപ്പോ കയറ്റത്തിൽ വച്ച് ടോറസ് ലോറി രണ്ട് തവണ തന്റെ വാഹനത്തിൽ ഇടിച്ചതായി അബ്ദുള്ളക്കുട്ടി പറയുന്നു. പൊന്നാനിയിൽ വച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചു.
ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. സംഭവം നടക്കുന്നതിന് 45 മിനുട്ട് മുമ്പാണ് പൊന്നാനിയിലെ ഹോട്ടലിൽ വച്ച് ഒരു സംഘം തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും സംഭവത്തിന് അതുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
ആക്രമണം ആസൂത്രിതമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതികരിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരാൾ ബിജെപിയുടെ ഉന്നത പദവിയിൽ എത്തിയതിന്റെ അസഹിഷ്ണുതയാണിത്. അക്രമികളെ എത്രയും വേഗം പിടികൂടാൻ പോലീസ് തയാറാകണമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.