കണ്ണൂർ: നരേന്ദ്ര മോദിയുടെ വിജയം മഹാവിജയമെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണ് ഈ മഹാവിജയമെന്നും വിശേഷിപ്പിക്കുന്നു. ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന ആളെന്നും മോദിയെ വിശേഷിപ്പിക്കുന്നു.
ഗാന്ധിയുടെ നാട്ടുകാരനായ മോദി ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് ജനപ്രിയനാക്കിയതെന്നും പറയുന്ന അബ്ദുള്ളക്കുട്ടി നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെതിരേ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. പ്രതികരിക്കാനില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെതിരേ നടപടിയെടുക്കണമെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
എ.പി. അബ്ദുളളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
നരേന്ദ്ര മോദിയുടെ മഹാവിജയത്തെപറ്റി.
നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെകുറിച്ചുള്ള പല നിരീക്ഷണങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ.. എന്ത് കൊണ്ട് ഈ വിജയം ഉണ്ടായി ?
എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ..
പ്രതിപക്ഷക്കാർ മാത്രമല്ല BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. എല്ലാ രാഷ്ട്രീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്… നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്.. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം
ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്..
മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു….
നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക… ശ്രീ മോദി അത് കൃത്യമായി നിർവഹിച്ചു.
1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ്ലെറ്റ് നൽകി
2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിത്.
കേരളം വിട്ടാൽ നാമെല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം.. മോദി ഒരുപരിധി വരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക് മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.
ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?
സ്മാർട്ട് സിറ്റികളും ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ട്രീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്… നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്. വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്….
നരേന്ദ്രമോദിയെ വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്…. പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി.