കണ്ണൂർ: മോദിയെ പുകഴ്ത്തിയതിന് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടിക്ക് ബിജെപിയിൽ അംഗത്വം നല്കുന്നതിനെക്കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം ചർച്ച തുടങ്ങി. നിലവിൽ സംസ്ഥാന നേതൃത്വത്തിന് അബ്ദുള്ളക്കുട്ടിക്ക് ബിജെപിയിൽ അംഗത്വം നല്കുന്നതിന് എതിർപ്പില്ല.
പ്രാദേശിക നേതൃത്വത്തിന് മാത്രമാണ് എതിർപ്പ്. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, കെ.സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. അബ്ദുള്ളക്കുട്ടിക്ക് ബിജെപിയിലേക്ക് വരാം.
വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ലിമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രമെന്നാണ് കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ അബ്ദുള്ളക്കുട്ടിയോട് ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് പൊതുപ്രവർത്തനം തുടരും എന്ന മറുപടി മാത്രമാണ് പറഞ്ഞത്.
അബ്ദുള്ളക്കുട്ടിയെ ബിജെപിയിൽ എത്തിച്ചാൽ മംഗളൂരു ഉൾപ്പെട്ട ദക്ഷിണ കന്നഡമേഖലയിൽ ബിജെപിയുടെ ന്യൂനപക്ഷമുഖമായി ഇതു ഉയർത്തി കാണിക്കും.അബ്ദുള്ളക്കുട്ടി ഇപ്പോൾ കുടുംബസമേതം മംഗളൂരുവിലാണ് താമസം.