സ്വന്തം ലേഖകൻ
കണ്ണൂർ: നരേന്ദ്രമോദിയെ പുകഴ്ത്തിയ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ് പരിപാടികളിൽ അപ്രഖ്യാപിത വിലക്ക്. രേഖാമൂലം പറഞ്ഞിട്ടില്ലെങ്കിലും അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിന്റെ പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടന്നാണ് ഡിസിസിയുടെ തീരുമാനം.
യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും പരിപാടികളിൽ അബ്ദുള്ളക്കുട്ടിയെ പങ്കെടുപ്പിക്കില്ല. കെഎസ്യു അഴീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൻകുളത്തുവയലിൽ നടത്താനിരുന്ന അനുമോദനവും പഠനകിറ്റ് വിതരണവും നടത്തുന്ന ചടങ്ങിൽ നിന്നും അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി.
പകരം ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രനെ ഉദ്ഘാടകനായി നിശ്ചയിച്ചു. മോദിയെ പുകഴ്ത്തിയുള്ള നിലപാടിൽ ഉറച്ചു നില്ക്കുന്ന അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടി കെപിസിസി ഷോക്കോസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനു മൂന്നു ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നല്കണം.
മോദിയുടെ വിജയം മഹാവിജയമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജൻഡയുടെയും അംഗീകാരമാണ് ഈ മഹാവിജയമെന്നും ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന ആളെന്നും അബ്ദുള്ളക്കുട്ടി മോദിയെ വിശേഷിപ്പിക്കുന്നു. ഗാന്ധിജിയുടെ നാട്ടുകാരനായ മോദിയെ ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് ജനപ്രിയനാക്കിയതെന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.