സ്വന്തം ലേഖകൻ
കണ്ണൂർ: നരേന്ദ്രമോദിയുടെ വിജയം മഹാവിജയമെന്ന് വിശേഷിപ്പിക്കുകയും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനെ ആക്ഷേപിക്കുകയും ചെയ്ത കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ കെപിസിസി നടപടിയെടുക്കാത്തതിൽ കണ്ണൂർ ഡിസിസിക്ക് പ്രതിഷേധം. കണ്ണൂർ ഡിസിസിയുടെ പ്രതിഷേധം കെപിസിസിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കാരണം കാണിക്കൽ നോട്ടീസ് കെപിസിസി അബ്ദുള്ളക്കുട്ടിക്ക് അയച്ചിരുന്നു.മൂന്നുദിവസത്തിനുള്ളിൽ മറുപടി നല്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരുന്നത്. എന്നാൽ, ഇതുവരെയും മറുപടി ലഭിച്ചില്ല. ഇതിനിടയിലാണ് കോൺഗ്രസ് നേതാവ് വി.എം.സുധീരനും കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിനെതിരേയും രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി രംഗത്ത് എത്തിയത്.
വി.എം.സുധീരൻ വികസന വിരുദ്ധനെന്ന് വിശേഷിപ്പിച്ച അബ്ദുള്ളക്കുട്ടി സുധീരന്റെ ആദർശം കാപട്യമാണെന്നും പറഞ്ഞിരുന്നു. ഇതോടുകൂടി കണ്ണൂർ നേതൃത്വം ഒന്നടങ്കം അബ്ദുള്ളക്കുട്ടിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. എന്നാൽ, നടപടി വൈകുന്നതിന് പിന്നിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവാണെന്നും ആരോപണമുണ്ട്.
നരേന്ദ്രമോദിയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിന്റെ പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടന്ന് കണ്ണൂർ ഡിസിസി തീരുമാനിച്ചിരുന്നു. യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും പരിപാടികളിലും അബ്ദുള്ളക്കുട്ടിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മോദിയെക്കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി ഇപ്പോഴും പറയുന്നത്. അബ്ദുള്ളക്കുട്ടിക്കെതിരേ നടപടി വൈകുന്നതിലുള്ള പ്രതിഷേധം മുതിർന്ന കോൺഗ്രസ് നേതാക്കളും കെപിസിസിയെ അറിയിച്ചിട്ടുണ്ട്.