റെനീഷ് മാത്യു
കണ്ണൂർ: കോൺഗ്രസ് നേതാവ് വി.എം.സുധീരനും കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിനെതിരേയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടി. രാഷ്ട്രദീപികയോട് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. വി.എം.സുധീരൻ വികസന വിരുദ്ധനാണ്.
വികസനനയത്തോടുള്ള എന്റെ കാഴ്ചപ്പാടാണ് സുധീരന് എന്നോടുള്ള വിരോധം. നാലുവരിപ്പാത വികസനത്തിൽ താൻ സമീപിച്ച നിലപാടാണ് സുധീരന് തന്നോടുള്ള ശത്രുത. ഉമ്മൻചാണ്ടിയെ തോൽപ്പിക്കാൻ കരുണാകരനോടൊപ്പം കൂട്ടുകുടിയ ആളാണ് സുധീരൻ. ഉമ്മൻചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സുധീരൻ ശ്രമിച്ചിരുന്നു. സുധീരന്റെ ആദർശം കാപട്യമാണ്.
അരബക്കറ്റ് വെള്ളത്തിൽ ചായം മുക്കി തലയും മീശയും കറുപ്പിച്ച് ജൈവ കൃഷിയെക്കുറിച്ച് സംസാരിക്കുന്നയാളാണ് അദ്ദേഹം. കോൺഗ്രസിനെക്കുറിച്ച് അദ്ദേഹം കൂടുതൽ എന്നെ പഠിപ്പിക്കേണ്ട. ആദ്യം പുറത്താക്കേണ്ടത് സുധീരനെയാണെന്നും അബ്ദുള്ളക്കുട്ടി രാഷ്ട്രദീപികയോട് പറഞ്ഞു.
അബ്ദുള്ളക്കുട്ടിയെ മനസിലാക്കുന്നതിൽ പാർട്ടി ജാഗ്രത പുലർത്തിയില്ലെന്നും നിലപാട് മാറ്റാത്ത അദ്ദേഹം കോൺഗ്രസ് വിടാനാണു സാധ്യതയെന്നും കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോദിയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയെ അവസരവാദിയെന്നും വിശേഷിപ്പിച്ചിരുന്നു. കോൺഗ്രസിൽ ഇത്രയേറെ ആനുകൂല്യം കിട്ടിയ മറ്റൊരാളില്ലെന്നും പ്രവർത്തകരുടെ മനസിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും സുധീരൻ പറഞ്ഞിരുന്നു.
തന്റെ വിശദീകരണം കേൾക്കാതെ തന്നെ പുറത്താക്കണമെന്നു പറയുന്ന വീക്ഷണത്തിൽ എഴുതിയ ആളെക്കുറിച്ച് എനിക്കറിയാം. ഇന്ദിരാഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ചയാളാണ്. അധികാരത്തിന്റെ അപ്പകഷ്ണത്തിനു വേണ്ടി കൂറുമാറ്റം നടത്തിയ ആളാണ് ഇതിന്റെ പിന്നിലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.