സ്വന്തം ലേഖകന്‍
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രഏജന്‍സികളെ വരവേറ്റ് സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ ബിജെപിക്കും സോളാര്‍ പീഡന കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതു തിരിച്ചടിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ മാത്രമുള്ള പ്രധാന ആയുധമായിരുന്നെങ്കിലും ഇത്തവണ ബിജെപിയ്ക്കും സോളാര്‍ കേസ് പൊള്ളലേല്പ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു ബിജെപിയില്‍ എത്തുകയും ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന എ.പി. അബ്ദുള്ളക്കുട്ടി കേസിലുള്‍പ്പെട്ടതാണ് ബിജെപിയെ കുഴയ്ക്കുന്നത്.
കുന്ദമംഗലം കൊടുക്കുമോ?
അബ്ദുള്ളക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കുന്ദമംഗലത്ത് സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ പീഡനകേസില്‍ അന്വേഷണം നേരിടേണ്ടിവരുന്നയാളെ മത്സരിപ്പിക്കുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം പുനഃപരിശോധന നടത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തോട് ഇവര്‍ ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വവുമായി അകന്നു നില്ക്കുന്ന ശോഭാസുരേന്ദ്രനുള്പ്പെടെയുള്ളവര് അബ്ദുള്ളകുട്ടിയുടെ പദവിയെയും സ്ഥാനാര്ഥിത്വത്തേയും വീണ്ടും ചര്‍ച്ചയാക്കി മാറ്റുമെന്നാണ് സൂചന.
കേന്ദ്രനേതൃത്വത്തെയും നിലവിലെ അവസ്ഥകള്‍ ധരിപ്പിക്കും. സിപിഎം ഉരുക്കുകോട്ടയായ ഒളവണ്ണ പഞ്ചായത്ത് ഉള്‍പ്പെടുന്ന കുന്ദമംഗലത്ത് സിപിഎമ്മില്‍ നിന്നും വിട്ടുവന്ന അബ്ദുള്ളകുട്ടിയുടെ സ്വീകാര്യത ഗുണകരമാവുമെന്നായിരുന്നു ബിജെപി കരുതിയത്.
ന്യൂനപക്ഷവോട്ടുകളും അബ്ദുള്ളകുട്ടി വഴി ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അബ്ദുള്ളകുട്ടിയുടെ സ്ഥാനാര്‍ഥിത്വം മറ്റിടങ്ങളിലെ മത്സരങ്ങളെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്.
പണ്ടേ അമർഷം
അബ്ദുള്ളകുട്ടിയ്ക്ക് പാര്‍ട്ടിയിലെ സുപ്രധാന പദവി നല്‍കിയതിനെതിരേ ബിജെപിക്കുള്ളില്‍ അമര്‍ഷമുണ്ടായിരുന്നു. മുന്‍പാര്‍ട്ടി അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്നു കുമ്മനം രാജശേഖരൻ, മുന്‍ അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്, ശോഭാസുരേന്ദ്രന് തുടങ്ങി പ്രമുഖരും പ്രവര്‍ത്തന പരിചയമുള്ള നേതാക്കളേയും മറികടന്നായിരുന്നു അബ്ദുള്ളകുട്ടിക്ക് ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കിയത്. ഇതിനെതിരേ കോര്‍കമ്മിറ്റിയില്‍ വരെ ചര്‍ച്ചയായിരുന്നു.
പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം നല്‍കാതെ മറ്റു പാര്‍ട്ടികളില്‍ സുഖലോലുപ ജീവിത സാഹചര്യങ്ങള്‍ അനുഭവിച്ച് വന്നവര്‍ക്ക് പദവി നല്‍കിയതിനെതിരേ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധനുള്പ്പെടെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതെല്ലാം മറികടന്നായിരുന്നു അബ്ദുള്ളകുട്ടിയെ സംസ്ഥാന നേതൃത്വം പിന്തുണച്ചത്. തെരഞ്ഞെടുപ്പില്‍ അബ്ദുള്ളകുട്ടിയെ മത്സരിപ്പിക്കാമെന്ന തീരുമാനത്തിന് പിന്നാലെ സര്‍ക്കാറിന്റെ സിബിഐ നീക്കം ബിജെപി സംസ്ഥാന നേതൃത്വത്തിനും തിരിച്ചടിയാണ്.
സിബിഐയെ തള്ളിപ്പറയില്ല
അതേസമയം സിബിഐ അന്വേഷണത്തെ തള്ളിപ്പറയാന്‍ ബിജെപി തയാറാല്ല. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യാനാണ് ബിജെപി തീരുമാനം. ‘അബ്ദുള്ളകുട്ടിയല്ല , ഏത് കുട്ടി ആയാലും ശരി, തെറ്റ് ആര് ചെയ്താലും തെറ്റാണെന്നായിരുന്നു’ ബിജെപി വാക്താവ് ബി. ഗോപാലകൃഷ്ണന്റെ പ്രതികരണം.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും ചര്‍ച്ചയാക്കാതിരുന്ന സോളാര്‍ കേസ് ഇപ്പോള്‍ ഉയര്‍ത്തികൊണ്ടുവന്നതിന് പിന്നില്‍ ഭരണതുടര്‍ച്ച ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഈ കേസില്‍ അന്വേഷണം നേരിടുന്നുണ്ട്. അതിനാല്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള അന്വേഷണത്തെ രാഷ്ട്രീയ നീക്കമായി മാത്രമേ കണക്കാക്കുകയുള്ളൂവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
അബ്ദുള്ളകുട്ടിയെ മത്സരിപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ ശക്തമായി പ്രതിരോധിക്കാനാണ് മറുവിഭാഗം തീരുമാനിച്ചത്. ഇതോടെ അബ്ദുള്ളകുട്ടിയുടെ സ്ഥാനാര്‍ഥിത്വവും പദവിയും ബിജെപിയില്‍ വരും ദിവസങ്ങളില്‍ ആളിക്കത്തുമെന്ന സൂചനയാണ് നല്‍കുന്നത്.