തളിപ്പറമ്പ്: കാർ തകർത്ത് കവർച്ച നടത്തുന്ന സംഭവത്തിൽ അറസ്റ്റിലായ അബ്ദുൾ മുജീബ് കോടീശ്വരൻ. പ്രവാസിയുടെ ഭാര്യയുമായുള്ള അടുപ്പം ജീവിത ചിലവ് വർദ്ധിപ്പിച്ചപ്പോൾ അബ്ദുൾ മുജീബ് കവർച്ചയിലേക്ക് കടക്കുകയായിരുന്നു. നഗരത്തിൽ ദേശീയ പാതയോരത്ത് പടുകൂറ്റൻ ഷോപ്പിംഗ് മാളും നിടുവാലൂരിൽ ഏക്കർ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയും മുജീബിന് ഉണ്ട്. കാമുകിക്ക് പുതിയ കാർ ഉൾപ്പെടെ മുജീബ് വാങ്ങി നല്‍കിയിരുന്നു. ഈ യുവതിയുമായി ബന്ധം ദൃഢമായതോടെ ചെലവ് വർധിക്കുകയും ചെയ്തു.
ഇതിനിടയിലാണ് 2019 ജനുവരി 17 ന് സയ്യിദ് നഗറിൽ വി.വി.അബ്ദുള്ളയുടെ കാർ തകർത്ത് രണ്ടേകാൽ ലക്ഷം കവർന്നത്. ഈ കേസിന് ശേഷം പോലീസ് അന്വേഷണം നടന്നുവെങ്കിലും പ്രതിയെ കണ്ടെത്താനുള്ള സൂചന പോലും ലഭിക്കാതിരുന്നതോടെ ആത്മവിശ്വാസത്തോടെ മുജീബ് മോഷണം തുടരുകയായിരുന്നു. അതിനിടയിൽ കാമുകിയുടെ ബന്ധുക്കളിൽ നിന്നും ഇയാൾക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.
കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകര്‍ത്ത് മുന്‍ സീറ്റില്‍ വെച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ജനുവരി 17 ന് നടന്ന ആദ്യ സംഭവം. എന്നാല്‍ ബാഗില്‍ ചോറ്റുപാത്രമാണ് ഉണ്ടായിരുന്നത്.
മൊയ്തീന് തളിപ്പറമ്പ് ടൗണിലെ തന്റെ കടപൂട്ടി രാത്രി ഒൻപതോടെ നെല്ലിപറമ്പില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റോഡരികില്‍ കാര്‍ നിര്‍ത്തി അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചതായി കണ്ടത്. അന്നേ ദിവസം തന്നെ മണിക്കൂറുകള്‍ക്കുള്ളിലാണ് പുഷ്പഗിരി സ്വദേശി വി.വി അബ്ദുള്ളയുടെ ഇന്നോവയുടെ ചില്ല് തകര്‍ത്ത് സിറ്റില്‍ വെച്ചിരുന്ന ബാഗ് കവര്‍ന്നത്.
രണ്ടേകാല്‍ ലക്ഷം രൂപയും ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്,തുടങ്ങിയ രേഖകളുമാണ് അബ്ദുള്ളക്ക് നഷ്ട്ടപെട്ടത്. ഫെബ്രവരി ഒന്നിന് പട്ടാപ്പകലാണ് മന്നയിലെ വ്യാപാരിയായ ഉമ്മര്‍ കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിന്‍നിരയിലെ സീറ്റിനരികിലുള്ള ചില്ല് തകര്‍ത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചത്.
തളിപ്പറമ്പ നഗരസഭാ ഓഫീസിന് സമീപത്തെ പള്ളിയില്‍ ഉച്ചക്ക് ജുമാ നിസ്ക്കാരത്തിന് എത്തിയതായിരുന്നു ഉമ്മര്‍ കുട്ടി. മോഷണങ്ങളെല്ലാം ചുരുങ്ങിയ സമയങ്ങളിലാണ് നടന്നിട്ടുള്ളത്. മോഷണത്തിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും തസ്കരന് പിടിയിലായില്ല. ഒടുവിൽ പതിനേഴാമത്തെ കവർച്ചയ്ക്കിടയിൽ പ്രതി പിടിയിലാകുകയായിരുന്നു.