നെടുങ്കണ്ടം: അയൽവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം 70കാരൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
വൈദ്യുതാഘാതമേറ്റ് റോഡിൽ ചലനമറ്റു കിടന്ന പുഷ്പകണ്ടം തടത്തിൽ അബ്ദുൽ അസീസിന് രക്ഷകരായത് പുഷ്പക്കണ്ടം അണക്കരമെട്ട് പുത്തൻചിറയിൽ അഖിലും സമീപവാസികളായ സ്ത്രീകളുമാണ്.
തിങ്കളാഴ്ച രാവിലെ പുഷ്പകണ്ടം – അണക്കരമെട്ട് റോഡിലാണ് സംഭവം. കർഷകനായ അബ്ദുൽ അസീസ് ഏലച്ചെടികൾ നനയ്ക്കാനായി സ്ഥാപിച്ചിരുന്ന ഇരുന്പ് പൈപ്പുകൾ എടുത്തുമാറ്റുന്നതിനിടെ താഴ്ന്നുകിടന്ന 11 കെവി ലൈനിൽ ഇരുന്പ് പൈപ്പ് തട്ടുകയായിരുന്നു.
11 കെവി ലൈനിൽനിന്നു വൈദ്യുതാഘാതമേറ്റതോടെ ഇയാൾ റോഡിലേക്ക് തെറിച്ചുവീണു.
ഇതു കണ്ട് ഓടിയെത്തിയ അയൽവാസിയായ സ്ത്രീ പ്രഥമ ശുശ്രൂഷ നൽകി. ഇതിനിടെയാണ് അഖിൽ ഇതുവഴി ഓട്ടോറിക്ഷയിൽ എത്തിയത്.
ഈ സമയം അബ്ദുൽ അസീസിന് നേരിയ ചലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് അഖിൽ, അബ്ദുൽ അസീസിന് ശ്വാസോച്ഛ്വാസം വീണ്ടെടുക്കാൻ പറ്റാവുന്ന വിധത്തിൽ നെഞ്ചിൽ നന്നായി അമർത്തിക്കൊടുത്തു. ഇതോടെ കാലുകൾക്ക് അനക്കംവച്ചു.
ഇതിനിടെ സമീപവാസികളായ ഷൈല, നബീസ എന്നിവരും എത്തി. തുടർന്ന് മറ്റൊരു വാഹനത്തിൽ കയറ്റി അബ്ദുൽ അസീസിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇയാളുടെ രണ്ട് കാലുകൾക്കും കൈമുട്ടിനും വയറിനും പൊള്ളലേറ്റിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അബ്ദുൽ അസീസ് ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.
കെ എസ്ഇബി ഉദ്യോഗസ്ഥർ എത്തി അബ്ദുൽ അസീസിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്ത് താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈനുകൾ അപകട സാഹചര്യം വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.